തയ്‌വാൻ ദ്വീപിനെ പൂർണ്ണമായും വളഞ്ഞുകൊണ്ട് ചൈനീസ് സൈന്യം വൻതോതിലുള്ള സൈനിക അഭ്യാസം ആരംഭിച്ചു. കടലിലും ആകാശത്തും ഒരേസമയം നടത്തുന്ന ഈ നീക്കത്തിൽ നിരവധി യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവ പങ്കുചേരുന്നുണ്ട്. തയ്‌വാന് ചുറ്റുമുള്ള തന്ത്രപ്രധാന മേഖലകളിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (PLA) നിലയുറപ്പിച്ചതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. അമേരിക്കയുമായുള്ള തയ്‌വാന്റെ സൈനിക കരാറിന് പിന്നാലെയാണ് ചൈനയുടെ കടുത്ത പ്രകോപനം എന്നത് ശ്രദ്ദേയമാണ്.
തയ്‌വാന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഈ നീക്കം ദ്വീപിനെ പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെയാണോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്. തയ്‌വാൻ കടലിടുക്കിൽ ചൈനീസ് സൈന്യം പ്രകോപനപരമായ നടപടികൾ തുടരുന്നതിനെതിരെ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ സമാധാനം തകർക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ചൈന പിന്തിരിയണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും തയ്‌വാൻ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഭീഷണിയെ നേരിടുന്നതിനായി തങ്ങളുടെ സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതായി തയ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനയും തയ്‌വാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾ ഈ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.













