ട്രംപിനും അമേരിക്കക്കും ചൈനയുടെ വക ‘പൂജ്യം’ ഇറക്കുമതി തിരിച്ചടി, സെപ്തംബറിന് ശേഷം ഒരു ടൺ പോലും സോയാബിൻ ഇറക്കുമതിയില്ല; നേട്ടം ലാറ്റിനമേരിക്കക്ക്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾക്ക് മറുപടിയായി ചൈന യു.എസ്. സോയാബീൻ ഇറക്കുമതി പൂർണമായും നിർത്തിവച്ചു. സെപ്റ്റംബർ മുതൽ ഒരു ടൺ സോയാബീൻ പോലും അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടില്ലെന്ന് ചൈനയുടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. 2018 നവംബറിന് ശേഷം ആദ്യമായാണ് യു.എസ്. സോയാബീൻ ഇറക്കുമതി പൂജ്യത്തിൽ എത്തുന്നത്. യു.എസ്. ഉൽപ്പന്നങ്ങൾ ഒഴിവാക്കാനുള്ള ചൈനീസ് വ്യാപാരികളുടെ തീരുമാനവും ഉയർന്ന തീരുവകളുമാണ് ഇതിന് കാരണം.

ചൈന ഇപ്പോൾ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സോയാബീൻ ഇറക്കുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ബ്രസീലിൽ നിന്ന് 85.2% ഉം അർജന്റീനയിൽ നിന്ന് 9% ഉം സോയാബീൻ ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബ്രസീലിൽ നിന്ന് 17 ലക്ഷം മെട്രിക് ടൺ സോയാബീൻ ഇറക്കുമതി ചെയ്തിരുന്നെങ്കിൽ, ഈ വർഷം ഇത് 1.096 കോടി ടണ്ണായി ഉയർന്നു, 29.9% വർധനവ്. അർജന്റീനയിൽ നിന്നുള്ള ഇറക്കുമതി 91.5% വർധിച്ച് 11.7 ലക്ഷം ടണ്ണായി.

ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഇറക്കുമതിക്കാരായ ചൈന, യു.എസിനെ ഒഴിവാക്കി ബ്രസീലിനെയും അർജന്റീനയെയും ആശ്രയിക്കുന്നത് അമേരിക്കൻ കർഷകർക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു. നവംബർ വരെ ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും ഇറക്കുമതി ഉറപ്പിച്ചിട്ടുണ്ട്. വ്യാപാര ചർച്ചകളിൽ പുരോഗതി ഉണ്ടാകാത്ത പക്ഷം, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ചൈന തുടരും. നിലവിലെ സാഹചര്യം തുടർന്നാൽ, യു.എസ്. സോയാബീൻ വിപണി കടുത്ത പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ താരിഫ് ഭീഷണികൾ തുടരുന്നത് അമേരിക്കൻ കർഷകർക്ക് കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ചൈനയുടെ ഈ നീക്കം അമേരിക്കൻ വിപണിക്ക് വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide