‘ഇന്ത്യന്‍ സുഹൃത്തുക്കളേ ചൈനയിലേക്ക് പോരൂ…’ട്രംപിന്റെ തീരുവ ഭീഷണികള്‍ക്കിടയില്‍ ഇന്ത്യക്കാര്‍ക്ക് 85,000 വീസകള്‍ നല്‍കി ചൈന

ന്യൂഡല്‍ഹി: തീരുവ യുദ്ധത്തിലൂടെ ലോകരാജ്യങ്ങളെ ഡോണള്‍ഡ് ട്രംപ് വട്ടംചുറ്റിച്ചുകൊണ്ടിരിക്കെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി 85,000 വീസകള്‍ അനുവദിച്ച് ചൈന. ഈ വര്‍ഷം ജനുവരി 1 നും ഏപ്രില്‍ 9 നും ഇടയിലാണ് ഇന്ത്യയിലെ ചൈനീസ് എംബസി 85,000 ത്തിലധികം വീസകള്‍ നല്‍കിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

‘2025 ഏപ്രില്‍ 9 വരെ, ഇന്ത്യയിലെ ചൈനീസ് എംബസിയും കോണ്‍സുലേറ്റുകളും ഈ വര്‍ഷം ചൈനയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 ത്തിലധികം വീസകള്‍ നല്‍കി. കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുക, സുരക്ഷിതവും ഊര്‍ജ്ജസ്വലവും ആത്മാര്‍ത്ഥവും സൗഹൃദപരവുമായ ചൈന അനുഭവിക്കുക.’ – ചൈനീസ് അംബാസഡര്‍ സൂ ഫെയ്ഹോങ്ങ് എക്‌സിലെ ഒരു പോസ്റ്റില്‍ കുറിച്ചു

ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ വീസ വേഗത്തില്‍ അനുവദിക്കാന്‍ കടമ്പകള്‍ പലതും ലഘൂകരിച്ചിരിക്കുകയാണ് ചൈനീസ് അധികൃതര്‍ . അതില്‍ സുപ്രധാനമായ ഒരു മാറ്റമാണ് ഇന്ത്യന്‍ അപേക്ഷകര്‍ക്ക് ഇപ്പോള്‍ മുന്‍കൂര്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകളില്ലാതെ പ്രവൃത്തി ദിവസങ്ങളില്‍ വീസ സെന്ററുകളില്‍ നേരിട്ട് വീസ അപേക്ഷകള്‍ സമര്‍പ്പിക്കാം എന്നുള്ളത്.

ഹ്രസ്വകാലത്തേക്ക് ചൈന സന്ദര്‍ശിക്കുന്ന യാത്രക്കാരെ ബയോമെട്രിക് ഡാറ്റ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു, ഇതും പ്രോസസ്സിംഗ് സമയം കുറയ്ക്കും.
വീസ ഫീസിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍, വളരെ കുറഞ്ഞ നിരക്കില്‍ ഒരു ചൈനീസ് വീസ ലഭിക്കും. ഇത് ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് യാത്ര കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നുണ്ട്.

ഇന്ത്യക്കാര്‍ക്കായി വീസ അംഗീകരിക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. വീസ വേഗത്തില്‍ ഇഷ്യുചെയ്യുന്നത് ബിസിനസ്, വിനോദ സഞ്ചാരികള്‍ക്ക് ഒരുപോലെ പ്രയോജനകരമാകും.

More Stories from this section

family-dental
witywide