
ബീജിംഗ്: 2019 ന് ശേഷമുള്ള ചൈനയുടെ ആദ്യത്തെ വലിയ സൈനിക പരേഡിന് തുടക്കമായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സൈനിക പരേഡിന് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനുമാണ് മുഖ്യാതിഥികള്‍. 2019 ന് ശേഷം ആദ്യമായിട്ടാണ് കിം ചൈനയിലേക്ക് പോകുന്നത്. 2011ൽ അധികാരമേറ്റതിനുശേഷം 10 വിദേശ യാത്രകൾ മാത്രമാണ് കിം നടത്തിയത്. റഷ്യയും ചൈനയുമല്ലാത്ത മറ്റ് രാജ്യത്തലവന്മാർക്കൊപ്പം കിമ്മിനെ കാണാനുള്ള അപൂർവ അവസരമാണ് ഒരുങ്ങുന്നത്. യുഎസ് താരിഫ് പിരിമുറുക്കത്തിനിടയില്‍ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഏകദേശം രണ്ട് ഡസനോളം വിദേശ നേതാക്കളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.
പരേഡിന് മുന്നോടിയായി സംസാരിച്ച ചൈനീസ് നേതാവ് ഷി ജിന്‍പിംഗ് ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാന്‍ ആകില്ലെന്ന് പറഞ്ഞു. മനുഷ്യരാശി ഇന്ന് സമാധാനത്തിനും യുദ്ധത്തിനും ഇടയില്‍ ഏതുവേണമെന്ന് തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും ചര്‍ച്ചയ്ക്കും ഏറ്റുമുട്ടലിനും ഇടയിലും ഏതാണ് അനിവാര്യമെന്ന് തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ ഇരകളെ അനുസ്മരിച്ചുകൊണ്ടാണ് ഷി തന്റെ ഹ്രസ്വ പ്രസംഗം ആരംഭിച്ചത്, ചരിത്രം ആവര്‍ത്തിക്കുന്നത് തടയാന്‍ യുദ്ധത്തിന്റെ വേരുകള്‍ ഇല്ലാതാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ലോക വേദിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ചൈന ശ്രമിക്കുന്നതിനാല്‍ പരേഡില്‍ മിസൈലുകള്‍, ആധുനിക യുദ്ധവിമാനങ്ങള്‍, മറ്റ് സൈനിക ശക്തി എന്നിവയുടെ പ്രദര്‍ശനമുണ്ട്. ചൈന മുന്‍പൊരിക്കലും കാണിക്കാത്ത ചില സൈനിക ഉപകരണങ്ങള്‍ ഇതാദ്യമായാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഷി പ്രസംഗിക്കുന്നതിനുമുമ്പ്, യുദ്ധം അവസാനിച്ചതിന്റെ 80 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തുന്നതിനായി 80 തോക്കുകളുള്ള പീരങ്കി സല്യൂട്ട് നല്‍കിയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് ദേശീയ ഗാനമായ ‘മാര്‍ച്ച് ഓഫ് ദി വളണ്ടിയേഴ്സ്’ ആലപിച്ചു. ജാപ്പനീസ് സൈന്യത്തിന്റെ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ആദ്യ വര്‍ഷങ്ങളില്‍ (1935) രചിച്ച ഗാനമാണിത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എന്നിവരുള്‍പ്പെടെ ഷിയും ക്ഷണിക്കപ്പെട്ട അതിഥികളും പരേഡ് കാണാന്‍ ചരിത്രപ്രസിദ്ധമായ ടിയാനന്‍മെന്‍ ഗേറ്റില്‍ നേരത്തെ എത്തിയിരുന്നു. ഇറാന്‍, പാകിസ്ഥാന്‍ തലവന്മാരുള്‍പ്പെടെയാണ് പങ്കെടുക്കുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പരേഡിൽ പങ്കെടുക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പരേഡിൽ പങ്കെടുക്കുന്ന നേതാക്കളുടെ പട്ടികയിൽ ഇല്ല.