ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം ദൃഢമാക്കാൻ ജേക്ക് സള്ളിവൻ, ഇന്ത്യ സന്ദർശനം ഞായറാഴ്ച തുടങ്ങും, ടിബറ്റിലെ ‘ചൈന അണക്കെട്ട്’ ചർച്ചയാകും

ന്യൂയോർക്ക്: അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍റെ ഇന്ത്യ സന്ദർശനം നാളെ തുടങ്ങും. ജോ ബൈഡൻ പ്രസിഡന്‍റ് സ്ഥാനമൊഴിയാനിരിക്കവെ ജേക്ക് സള്ളിവന്‍റെ അവസാന ഔദ്യോഗിക സന്ദർശനമാണ് ഇത്. അവസാനഘട്ട നിർണായക ചർച്ചകൾക്കായാണ് സള്ളിവൻ ഇന്ത്യയിലെത്തുന്നതെന്നാണ് വ്യക്തമാകുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായി സള്ളിവൻ ചർച്ച നടത്തും.

അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിൻ്റെ സന്ദർശനത്തിൽ ചൈനീസ് അണക്കെട്ടുകളെക്കുറിച്ചുള്ള ആശങ്കയാകും പ്രധാന ചർച്ചയെന്നാണ് ഒരു മുതിർന്ന യു എസ് ഉദ്യോഗസ്ഥൻ അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് ഒഴുകുന്ന യാർലുങ് സാങ്ബോ നദിയിൽ ടിബറ്റിൽ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിയെക്കുറിച്ച് ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാട് എന്താകുമെന്നത് സള്ളിവനുമായുള്ള ചർച്ചയിൽ അറിയാനായേക്കും. പ്രതിവർഷം 300 ബില്യൺ കിലോവാട്ട് വൈദ്യുതി കണക്കാക്കുന്ന ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ അണക്കെട്ടിൻ്റെ നിർമ്മാണത്തിന് കഴിഞ്ഞ മാസം ചൈന അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

സിവിലിയൻ ആണവ സഹകരണം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബഹിരാകാശം, സൈനിക ലൈസൻസിംഗ്, ചൈനയുടെ സാമ്പത്തികാവസ്ഥ എന്നിവയും സള്ളിവൻ്റെ അവസാന ഔദ്യോഗിക ഇന്ത്യ സന്ദർശന വേളയിൽ ചർച്ചയാകും. ഡൽഹിയിലെ ഐ ഐ ടിയിൽ ഇന്ത്യയെ കേന്ദ്രീകരിച്ച് നിർണായക വിദേശ നയ പ്രസംഗവും അദ്ദേഹത്തിന്‍റെ സന്ദർശന വേളയിലുണ്ടാകും. അമേരിക്കയുടെ ഏറ്റവും പ്രായംകുറഞ്ഞ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ജോ ബൈഡൻ നിയമിച്ച 48 കാരനായ സള്ളിവൻ. അമേരിക്കയുടെ അടുത്ത പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20 ന് മൈക്കൽ വാൾട്ട്സ് പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേൽക്കും.

More Stories from this section

family-dental
witywide