കൂടുതൽ അടുത്ത് ഇന്ത്യയും ചൈനയും; വിസ നടപടികൾ ലഘൂകരിക്കാൻ ഇന്ത്യക്കാർക്കായി ചൈനീസ് എംബസി ഓൺലൈൻ വിസ പോർട്ടൽ പുറത്തിറക്കി

ന്യൂഡൽഹി : 2020-ലെ അതിർത്തി തർക്കത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും ശ്രമം തുടരുകയാണ്. ഇതിനിടെ, വിസ നടപടികൾ ലഘൂകരിക്കാൻ ഇന്ത്യക്കാർക്കായി ചൈനീസ് എംബസി ഓൺലൈൻ വിസ പോർട്ടൽ പുറത്തിറക്കി. ഇന്ത്യയിലെ ചൈനീസ് എംബസി ‘ചൈന ഓൺലൈൻ വിസ ആപ്ലിക്കേഷൻ സിസ്റ്റം’ (COVAS) എന്ന പോർട്ടൽ ഔദ്യോഗികമായി പുറത്തിറക്കി.

അപേക്ഷകർക്ക് ഇനി മുതൽ വിസ ഫോമുകൾ പൂരിപ്പിക്കുന്നതും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതും പൂർണ്ണമായും ഓൺലൈനായി നിർവ്വഹിക്കാം. മുൻപ് വിസ നടപടികൾക്കായി രണ്ട് പ്രാവശ്യത്തോളം കോൺസുലേറ്റിൽ നേരിട്ട് എത്തേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ ബയോമെട്രിക് വിവരങ്ങൾ നൽകാനായി മാത്രം ഒരിക്കൽ നേരിട്ട് ഹാജരായാൽ മതിയാകും.


ടൂറിസ്റ്റ് (L), ബിസിനസ് (M), സ്റ്റുഡന്റ് (X), വർക്ക് (Z) വിസകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഈ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ നിലവിലെ സ്ഥിതി (Status) ഓൺലൈനായി തത്സമയം നിരീക്ഷിക്കാനും അപേക്ഷകർക്ക് സാധിക്കും. വിസ ഫീസ്‌ ഇന്ത്യൻ രൂപയിൽ (INR) അടയ്ക്കാനുള്ള സംവിധാനവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇത് വിദേശ കറൻസി വിനിമയ നിരക്കിലെ അധിക ചിലവുകൾ ഒഴിവാക്കാൻ സഹായിക്കും. അപേക്ഷകർക്ക് ചൈനീസ് വിസ ആപ്ലിക്കേഷൻ സർവീസ് സെന്റർ എന്ന വെബ്സൈറ്റ് വഴി ഈ സേവനങ്ങൾ ലഭ്യമാണ്. ഡിസംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ സംവിധാനം, വിസ നടപടികൾ ലഘൂകരിക്കുന്നതിനും ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള നിർണ്ണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Chinese Embassy launches online visa portal for Indians to simplify visa procedures

More Stories from this section

family-dental
witywide