വീട്ടില്‍ നിറയെ സ്ത്രീകള്‍, ഞാന്‍ ഹോസ്റ്റല്‍ വാര്‍ഡനെപ്പോലെ, ‘രാംചരണിന് വീണ്ടും പെണ്‍കുഞ്ഞുണ്ടാകുമോ എന്ന് ഭയം, ഒരു കൊച്ചുമകനെ ചോദിച്ചു’ ചിരഞ്ജീവിയെ വെട്ടിലാക്കി വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഒരു കൊച്ചുമകനുണ്ടാകണമെന്ന ആഗ്രഹത്തെക്കുറിച്ചുള്ള മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പരാമര്‍ശങ്ങള്‍ വൈറലായതോടെ താരം വെട്ടിലായി. അദ്ദേഹത്തിന്റെ വാക്കുകളിലെ ലൈംഗിക വേര്‍തിരിവും സന്തതിപരമ്പര തുടരാന്‍ ഒരു ആണ്‍കുട്ടിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമാണ് നെറ്റിസണ്‍സ് നടത്തുന്നത്.

ബ്രഹ്മ ആനന്ദത്തിന്റെ പ്രീ-റിലീസ് പരിപാടിയില്‍ ചിരഞ്ജീവിയായിരുന്നു മുഖ്യാതിഥി. പരിപാടിക്കിടെ, വീട്ടില്‍ താന്‍ ഒരു വനിതാ ഹോസ്റ്റലില്‍ താമസിക്കുന്നതുപോലെയാണ് തോന്നുന്നതെന്നും സ്ത്രീകള്‍ കൂടുതല്‍ ഉള്ളതിനാല്‍ താനൊരു വാര്‍ഡനെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പരമ്പര തുടരാന്‍ ഒരു കൊച്ചുമകനെ വേണമെന്ന് ആഗ്രഹിച്ചു. മകന്‍ രാം ചരണിന് വീണ്ടുമൊരു പെണ്‍കുട്ടി ജനിക്കുമെന്ന് ഭയപ്പെടുന്നുവെന്നും നടന്‍ പറഞ്ഞു.

‘വീട്ടിലായിരിക്കുമ്പോള്‍, എന്റെ പേരക്കുട്ടികളാല്‍ ചുറ്റപ്പെട്ടതായി തോന്നില്ല. ചുറ്റും സ്ത്രീകളാല്‍ ചുറ്റപ്പെട്ട ഒരു വനിതാ ഹോസ്റ്റല്‍ വാര്‍ഡനെപ്പോലെയാണ് തോന്നുക. രാം ചരണിനോട് ഞാന്‍ എപ്പോഴും പറയുകയും ചെയ്യും, ഇത്തവണയെങ്കിലും, നമ്മുടെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടി ഉണ്ടാകണമെന്ന്…’ ചിരഞ്ജീവി പറഞ്ഞു.

2023 ജൂണിലാണ് രാം ചരണിനും ഭാര്യ ഉപാസനയ്ക്കും ക്ലിന്‍ കാര എന്ന പെണ്‍കുഞ്ഞ് ജനിച്ചത്. മകന്‍ രാം ചരണിനെ കൂടാതെ, ചിരഞ്ജീവിക്ക് ശ്രീജ കൊനിഡേല, സുസ്മിത കൊനിഡേല എന്നീ രണ്ട് പെണ്‍മക്കളുണ്ട്. ശ്രീജയ്ക്ക് നവീഷ, നിവൃതി എന്നീ രണ്ട് പെണ്‍മക്കളും, സുസ്മിതയ്ക്ക് സമര, സംഹിത എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളുമാണ് ഉള്ളത്. ഇക്കാരണത്താലാണ് പേരക്കുട്ടിയായി ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന തന്റെ ആഗ്രഹം ചിരഞ്ജീവി തുറന്നു പറഞ്ഞത്. രസകരമായ ഒരു സംഭാഷണത്തിന്റെ ഭാഗമായാണ് ഈ തുറന്നുപറച്ചിലെങ്കിലും ചിരഞ്ജീവിയുടെ അഭിപ്രായം നെറ്റിസണ്‍സിന് അത്ര രസിച്ചില്ല.

ഇത് 2025 ആണെന്നും ഇക്കാലത്തും ഇത്തരത്തിലുള്ള ചിന്താഗതി ശരിയല്ലെന്നും പലരും ചൂണ്ടിക്കാട്ടി. ചിരഞ്ജീവിയെപ്പോലുള്ള ഒരാള്‍ കാലഹരണപ്പെട്ട ലിംഗ പക്ഷപാതങ്ങള്‍ നിലനിര്‍ത്തുന്നത് കാണുന്നത് തന്നെ നിരാശാജനകമാണെന്നും കമന്റുകളെത്തി. ഒരു പുരുഷ അവകാശിയോടുള്ള ഇത്രയ്ക്കുള്ള ആഗ്രഹം നിരാശാജനകം മാത്രമല്ല, അടിയന്തിര മാറ്റം ആവശ്യമുള്ള ഒരു സാമൂഹിക മാനസികാവസ്ഥയാണെന്നും ചിലര്‍ കുറിച്ചു.

ലിംഗഭേദമില്ലാതെ ഓരോ കുട്ടിയേയും സ്വീകരിക്കാനാകണമെന്നും അദ്ദേഹത്തെപ്പോലുള്ള സെലിബ്രിറ്റികള്‍ പരസ്യമായി നടത്തുന്ന പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തി. മാത്രമല്ല, ‘അദ്ദേഹത്തിന്റെ കൊച്ചുമകള്‍ക്കും അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും താരം പിന്തിരിപ്പന്‍ ചിന്താഗതി മാറ്റണമെന്നും ഉപദേശിക്കുന്നവരുമുണ്ട്. എന്തായാലും തന്റെ തുറന്നുപറച്ചിലിന്റെ പേരില്‍ ചിരഞ്ജീവി വലിയ തരത്തിലുള്ള എതിര്‍പ്പുകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.