
കേരളത്തിൽ വീണ്ടും കോളറ ആശങ്ക പടർത്തി തലസ്ഥാനത്ത് മരണം സ്ഥിരീകരിച്ചു. കവടിയാർ സ്വദേശിയായ 63 കാരനാണ്
മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴ് ദിവസം മുമ്പായിരുന്നു മരണം. രക്ത പരിശോധനയിലൂടെ ഇന്നാണ് കോളറ സ്ഥിരീകരിച്ചത്. മരണ കാരണം കോളറയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. നിലവിൽ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോർട്ട് ചെയ്യുന്നത്.
മലിനജലത്തിലൂടെ പകരുന്ന ജലജന്യ രോഗമാണ് കോളറ. വിബ്രിയോ കോളറെ ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നും നമ്മൾ ഉപയോഗിക്കുന്ന വെള്ലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. ശരീരത്തിലെത്തുന്ന ഇവ വയറിളക്കത്തിന് കാരണമാകുന്ന ‘കോളറാ ടോക്സിൻ’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു.