വടക്കേ ഇന്ത്യയിൽ ക്രിസ്ത്യൻ വേട്ട, കേരളത്തിൽ വാഴ്ത്ത് പാട്ട്: ബിജെപിയുടെ ഇരട്ടമുഖം കൂടുതൽ തെളിയുന്നു

കേരളത്തിൽ ക്രിസ്മസ് ദിനവും അനുബന്ധ ആഘോഷങ്ങളും വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞുവെങ്കിലും ഉത്തരേന്ത്യയിൽ അങ്ങനെയായിരുന്നില്ല സ്ഥിതി. ക്രിസ്ത്യാനികൾക്കു നേരെ വ്യാപകമായ അക്രമമാണ് ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലും രാജ്യ തലസ്ഥാനമായ ഡൽഹിയിലും അരങ്ങേറിയത്. കൂടാതെ ഉത്തർപ്രദേശിൽ ക്രിസ്മസ് ദിനമായ ഡിസംബർ 25 ന് അവധിയില്ല എന്നും എല്ലാവരും നിർബന്ധമായും എത്തിച്ചേരണമെന്നും സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചു നടപ്പാക്കി.

ഉത്തർപ്രദേശിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ബജ്‌രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ വ്യാപകമായി അതിക്രമം അഴിച്ചുവിട്ടു. ആർക്കെതിരെയും ഇതുവരെ കേസ് എടുത്തിട്ടില്ല. ഡൽഹിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഒഡിഷയിലും രാജസ്ഥാനിലും അസമിലും അക്രമം അരങ്ങേറി. കരോൾ സംഘങ്ങളെ അടിച്ചോടിക്കുകയും മതപരിവർത്തനം എന്ന ആരേപണം ഉന്നയിക്കുകയും ചെയ്തു.


ബറേലിയിലെ പള്ളിയിൽ ക്രിസ്മസ് അനുബന്ധ ആരാധനാപരിപാടി നടക്കുമ്പോൾ 20-25 പേരടങ്ങുന്ന ബജ്‌രംഗ്ദൾ, വിഎച്ച്പി പ്രവർത്തകരുടെ സംഘം അവിടെയെത്തി പള്ളിയ്ക്ക് മുന്നിൽനിന്ന് ഹനുമാൻ ചാലിസ ഉരുവിട്ടു. സംഭവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പോലീസ് ഉണ്ടായിട്ടും ഇവരെ തടഞ്ഞില്ല എന്നും പരാതി ഉയരുന്നുണ്ട്.

അസമിലെ നൽബാരി ജില്ലയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ബെൽസോറിലെ പനിഗാവ് സെന്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങളും തയാറെടുപ്പുകളും ഹിന്ദുത്വ പ്രവർത്തകർ തീവച്ച് നശിപ്പിച്ചിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം.
സ്കൂളിലെ മറ്റ് നിരവധി വസ്തുക്കളും അക്രമികൾ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

പ്രതികൾ ‘ജയ് ശ്രീറാം’ വിളികളോടെ എത്തിയാണ് ആക്രമണം നടത്തിയത്. ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കരുതെന്ന് സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തി. ക്രിസ്മസുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്ന കടകളിലെത്തിയും സംഘം ഭീഷണിപ്പെടുത്തുകയും വസ്തുക്കൾ കത്തിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ തീർച്ചയായും അസ്വസ്ഥതപ്പെടുത്തുന്നതാണ്. അതിനേക്കാൾ ഉപരി ഇതിരെതിരെ വലിയ തോതിലുള്ള പ്രതിഷേധം ബിജെപി ഇതര പാർട്ടികളുടെ പക്ഷത്തുനിന്ന് ഉയരുന്നുമില്ല എന്നതാണ്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം നിശബ്ദത പാലിക്കുന്നതും നല്ല സൂചന അല്ല. പരസ്പരം താങ്ങായി നിൽക്കേണ്ടവർ മതാന്ധരരുടെ ഇത്തരം അക്രമപ്രവർത്തനങ്ങളെ അപലപിക്കുകയും ഇന്ത്യൻ മതനിരപേക്ഷ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുകയും വേണം.

ഇതിനിടെ ഡൽഹിയിലെ റിഡംപ്ഷൻ കത്തീഡ്രലിൽ ക്രിസ്മസ് ദിനം രാവിലെ പോയി അവിടുത്തെ ശുശ്രൂഷകളിൽ പങ്കെടുക്കുകയും ലോകം മുഴുവനും ശാന്തിയും സമാധാനവും ആശംസിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദിയുടെ മൂക്കിനെ കീഴയെയാണ് അക്രമം നടന്നത് എന്നിട്ടും അദ്ദേഹം ഇത് നിർത്താൻ അദ്ദേഹത്തിന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടില്ല. ലോകം മുഴുവൻ കാണാനായി അദ്ദേഹം ക്രിസ്മസിനും ഈസ്റ്ററിനും ഏതെങ്കിലും പള്ളി സന്ദർശിക്കുന്നു. സ്റ്റേജ് മാനേജേഡ് ആയ പ്രകടനങ്ങൾ നടത്തുന്നു… ഇന്ത്യ ന്യൂനപക്ഷകങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത ഇടമായി അനുദിനം മാറ്റപ്പെടുന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിക്കാരും കാണാത്തതല്ല എന്നു മാത്രമല്ല, ഹിന്ദു അനുകൂല സംഘടനകളുടെ ഇത്തരം പേക്കൂത്തകളെ പ്രോൽസാഹിപ്പിക്കുന്ന നയവുമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ എല്ലാം നടത്തുന്നത്. കേരളത്തിൽ മാത്രം സ്ഥിതി വ്യത്യസ്തമാണ്. നോർത്ത് ഇന്ത്യയിൽ ഇത്തരം അക്രമങ്ങളെല്ലാം അഴിച്ചുവിട്ടിട്ട് കേരളത്തിലെ ക്രിസ്ത്യൻ വോട്ടുകളെ നോട്ടമിട്ട് ബിജെപി ഇറങ്ങിയിട്ടും ഒരുകാര്യവുമില്ല. ബിജെപിയുടെ തനിനിറം എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു. കേക്കുമായി ക്രിസ്ത്യൻ വീടുകൾ തോറും കയറിയിറങ്ങിയിട്ടോ കാസ പോലുള്ള സംഘടനകളെ വളർത്തി വലുതാക്കിയിട്ടോ കാര്യമൊന്നുമില്ല. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ പിടിച്ച് ജയിലിട്ടതും അതിനു ശേഷം നടന്ന പൂരവും ആരും മറന്നിട്ടില്ല. ഇന്ത്യയിലെ എല്ലാ ജനങ്ങളും ഹിന്ദുക്കളാണ് എന്നാണ് ഈയിടെ ആഎസ്എസ് ആചാര്യൻ മോഹൻ ഭാഗവത് പറഞ്ഞത്. എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും ഇന്ത്യഎന്ന ജനാധിപത്യ മതേതര രാജ്യത്തിന് ഒട്ടും ഭൂഷണമല്ല അദ്ദേഹത്തിന്റെ വാദം . കേരളത്തിൽ ഒരു വിധത്തിലും നോർത്ത് ഇന്ത്യയിൽ മറ്റുതരത്തിലും കരുക്കൾ നീക്കുന്ന ബിജെപിയുടേയും സംഘത്തിൻ്റേയും വർഗീയ മുഖം മതേതര ഇന്ത്യയെ സ്നേഹിക്കുന്നവർ കാണില്ല എന്ന് വിചാരിക്കരുത്. വരും കൊല്ലങ്ങളിൽ ഇന്ത്യയിൽ ക്രിസ്മസ് ആഘോഷം തന്നെ നിരോധിക്കപ്പെട്ടാലും അൽഭുതപ്പെടാനില്ല.

Christian persecution in North India by Hindu outfits

More Stories from this section

family-dental
witywide