അധികാര തർക്കത്തെ ചൊല്ലി ഗാസയിൽ ഹമാസിന്റെ സായുധസേനയും ഡർമഷ് വിഭാഗക്കാരും ഏറ്റുമുട്ടി. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തിൽ 27 പേർ കൊല്ലപ്പെട്ടു. 19 ഡർമഷ് വംശജരും എട്ട് ഹമാസ് പോരാളികളുമാണ് കൊല്ലപ്പെട്ടത്. ഗസയിലെ ജോർദാനി ആശുപത്രിക്കടുത്ത് കനത്ത ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുകൾ വെടിവയ്പിനെ തുടർന്ന് പ്രദേശവാസികൾ പലായനം ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഗസയിലുടനീളം ഹമാസ് സായുധ യൂണിറ്റുകൾ വിന്യസിച്ചു.
അതേസമയം ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ പറഞ്ഞു. ഗസയിൽ നിയന്ത്രണം പുനഃസ്ഥാപിക്കാനാണ് ഹമാസ് ലക്ഷ്യമിടുന്നത്. 7,000 സായുധ സേനാംഗങ്ങളെ ഹമാസ് തിരിച്ചുവിളിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അവസാനിച്ചാൽ ഗസ ആരാണ് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.















