തിരുവനന്തപുരം: വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിൽ എംഎൽഎയെ തടഞ്ഞതിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. രാജ്ഭവന് മുന്നിൽ നിന്ന് പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് എത്തിയത്. സമീപത്തുണ്ടായിരുന്ന സിപിഐഎമ്മിന്റെ ഫ്ലക്സ് ബോർഡുകളും കോൺഗ്രസുകാർ തകർത്തു.
ബാരിക്കേഡുകൾ ഉപയോഗിച്ച് പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസിന് നേരെ പ്രവർത്തകർ തീപ്പന്തം എറിഞ്ഞു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തീപ്പന്തമേറിൽ പൊലീസുകാർക്കും പൊള്ളലേറ്റിട്ടുണ്ട്. നാല് തവണ പൊലീസിന് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്മാറായതോടെ പൊലീസ് ലാത്തി വീശി. വലിയ രീതിയിൽ വാക്കേറ്റം ഉണ്ടാകുകയും പൊലീസ് ഗോ ബാക്ക് വിളിച്ച് പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.















