
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ. പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് ചുരാചന്ദ്പൂരിൽ സുരക്ഷ സേനയും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി.
മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഫ്‌ളെക്‌സ് ബോർഡുകളും മറ്റും സ്ഥാപിച്ചിരുന്നു. എന്നാൽ സോമി ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാക്കൾ ഇവ നശിപ്പിക്കുകയും തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു.
ഇന്ന് ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പൂരിൽ നടത്തിയ വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാസേന പ്രതിഷേധം തടയുകയും തുടർന്ന് സുരക്ഷാസേനയ്‌ക്കെതിരെ യുവാക്കൾ കല്ലേറ് നടത്തുകയും ചെയ്തു. ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് വഴിവെച്ചത്.
അതേസമയം, മേഖലയിൽ ഏറ്റുമുട്ടലിനുള്ള സാധ്യത നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. ചുരാചന്ദ്പൂരിലെയും ഇംഫാലിലെയും വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി അസമിലേക്ക് മടങ്ങിപോയിരുന്നു.