‘കുട്ടിക്കലി’ ജീവനെടുത്തു; താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ച പത്താംക്ലാസുകാരന്‍ മരിച്ചു

താമരശ്ശേരി : വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടര്‍ന്ന താമരശ്ശേരി എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്.

താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചുണ്ടായ കലാപരിപാടികള്‍ക്കിടയില്‍ നടന്ന വാക്കേറ്റമാണ് പിന്നീട് കയ്യാങ്കളിയിലേക്കും ആക്രമണത്തിലേക്കും കലാശിച്ചത്.