
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പിതാവിനൊപ്പം സ്കൂളിലേക്ക് പോകവെ സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥിനി ബസിടിച്ച് മരിച്ചു. കൊഴിഞ്ഞാമ്പാറ പഴണിയാർപാളയം സ്വദേശികളുടെ മകളും സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയുമായ നഫീസത്ത് മിസ്രിയ്യയാണ് മരിച്ചത്. രാവിലെ 8.55ന് അത്തിക്കോടിന് സമീപം തകർന്നുകിടക്കുന്ന പാലക്കാട്-പൊള്ളാച്ചി പാതയിൽ വെച്ചാണ് ദാരുണമായ അപകടം. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ വേഗത കുറച്ചതിനെ തുടർന്ന് സ്കൂട്ടർ കുഴിയിൽ വീണ് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. തൊട്ടുപിന്നാലെ എത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം അത്തിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടത്തിന്റെ കാരണം കണ്ടെത്താൻ പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.