ക്ലീൻ ചെയ്ത മാലിന്യം ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയുന്ന വിദേശി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വീഡിയോയിൽ ട്രെയിനിലെ ശുചീകരണ തൊഴിലാളി പാളത്തിലേക്ക് നേരിട്ട് മാലിന്യം എറിയുന്ന ദൃശ്യങ്ങൾ കണ്ടതോടെ, ഇന്ത്യൻ റെയിൽവേയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സ്വച്ഛ് ഭാരത് അഭിയാൻ (ക്ലീൻ ഇന്ത്യ മിഷൻ) നടപ്പാക്കുന്ന സമയത്ത് തന്നെ ഇത്തരത്തിലുള്ള പ്രവൃത്തി നടന്നതാണെന്നതാണ് വിമർശകരുടെ പ്രധാന ആക്ഷേപം.
ഈ വീഡിയോ പകർത്തിയത് ഒരു വിദേശ വിനോദസഞ്ചാരിയാണ്. ട്രെയിൻ ബോഗിയിലെ മാലിന്യം വാരിയെടുത്ത ശേഷം ക്ലീനർ അത് നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ തുറന്ന് നേരെ പാളത്തിലേക്ക് എറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. @backpacker.ben എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഓൺ-ബോർഡ് ഹൗസ്‌കീപിംഗ് സർവീസ് (OBHS) വിഭാഗത്തിലെ ജീവനക്കാരൻ ട്രെയിൻ കോച്ചിനുള്ളിൽ മാലിന്യം വാരുന്നതും പിന്നെ അതെല്ലാം പുറത്തേക്ക് എറിയുന്നതും വീഡിയോയിൽ വ്യക്തമാണ്.
ട്രെയിനിൽ ഇരുന്ന ചില വിദേശ യാത്രികർ അത്ഭുതത്തോടെയും വിഷമത്തോടെയും ഈ സംഭവം നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ “ഇത് തന്നെയാണോ സ്വച്ഛ് ഭാരത്?” എന്ന് ചോദിച്ച് റെയിൽവേയെ വിമർശിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയയിലുടനീളം ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്.
വീഡിയോ വൈറലായതിനെത്തുടർന്ന് സംഭവത്തിൽ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെടുത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട ക്ലീനിംഗ് കരാറുകാരനോട് വിശദീകരണം ആവശ്യപ്പെട്ടതായും, ഇത്തരത്തിലുള്ള പ്രവൃത്തികൾ എങ്ങനെയും അനുവദിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
“മാലിന്യം നിശ്ചിത ഡസ്റ്റ്ബിന്നുകളിൽ ശേഖരിച്ച് സ്റ്റേഷനുകളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്ന മാർഗ്ഗനിർദ്ദേശം എല്ലാ ജീവനക്കാരോടും വീണ്ടും ഓർമ്മിപ്പിച്ചിട്ടുണ്ടെന്ന് റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു. സ്വച്ഛ് ഭാരത് അഭിയാൻ ലക്ഷ്യമാക്കുന്നത് പാളങ്ങളും സ്റ്റേഷനുകളും ശുചിയാക്കലാണ്, ഈ തരത്തിലുള്ള പ്രവൃത്തികൾ അതിനെ മോശമാക്കും. ഉത്തരവാദികളായവർക്ക് എതിരായി നടപടി സ്വീകരിക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Cleaned garbage is thrown out of the train; Video taken by a foreigner goes viral, Railways responds












