
ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ ശനിയാഴ്ച രാവിലെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ അപകടങ്ങളില്‍ 11 പേര്‍ മരിച്ചതായി സ്ഥിരീകരണം. റിയാസിയില്‍ മണ്ണിടിച്ചില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. റംബാനില്‍ നാലുപേര്‍ മരണപ്പെട്ടിരുന്നു.
രാവിലെ റിയാസി ജില്ലയിലെ മഹോര്‍ പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിലാണ് ഒരു വീട് തകര്‍ന്ന് ദമ്പതികളും അവരുടെ 12 വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചത്. റംബാനിലെ രാജ്ഗഡ് തഹ്സിലില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് നാല് ഗ്രാമീണരാണ് മരിച്ചത്. കുറച്ച് പേരെ കാണാതാവുകയും ചെയ്തതിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തകരും ഉടന്‍ സ്ഥലത്തെത്തി നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും, കാണാതായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ജമ്മു മേഖലയില്‍ തീവ്രമായ മഴ, മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍ എന്നിവ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ 115-ലധികം പേര്‍ മരണപ്പെട്ടിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും തീര്‍ത്ഥാടകരാണ്. കിഷ്ത്വാറിലെ പാഡറിലെ ചിഷോട്ടി ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 65 തീര്‍ത്ഥാടകരും, ജമ്മുവിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിന് സമീപമുള്ള പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ 30 തീര്‍ത്ഥാടകരുമാണ് മരിച്ചത്.