
ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാനില്‍ ഇന്ന് ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കുറഞ്ഞത് അഞ്ച് പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ശ്രീനഗറില്‍ നിന്ന് 136 കിലോമീറ്റര്‍ അകലെയാണ് റംബാന്‍ സ്ഥിതി ചെയ്യുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പ്രധാന റോഡുകളെ ബാധിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയ പാത (N-H-44) ഉള്‍പ്പെടെയുള്ള പ്രധാന പാതകളില്‍ പലയിടത്തും ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീരിലുടനീളം കനത്ത മഴയാണ്.
പൂഞ്ച്, കിഷ്ത്വാര്‍, ജമ്മു, റംബാന്‍, ഉദംപൂര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ചില്‍, മഴ കാരണം കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.