‘പിഎം ശ്രീ’യിൽ സിപിഐയെ അനുനയിപ്പിക്കാൻ നിർണായക ഇടപെടലുമായി മുഖ്യമന്ത്രി; ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചു, ‘കടുത്ത തീരുമാനങ്ങൾ വേണ്ട, ഉടനെ നേരിൽ കാണാം’

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിഷയത്തിൽ സിപിഐയുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുനയ നീക്കവുമായി രംഗത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു, ഉടനെ തന്നെ നേരിട്ട് ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടുത്ത തീരുമാനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, സിപിഐയുമായി യോജിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈ ചർച്ചയ്ക്ക് ശേഷം സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സിപിഐഎം ഈ വിഷയത്തിൽ നിർണായക ചർച്ചകൾക്ക് ഒരുങ്ങുകയാണ്. മുഖ്യമന്ത്രി വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ, നാളെ സിപിഐഎം സെക്രട്ടേറിയേറ്റ് യോഗം ചേരും. പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയുടെ ആശങ്കകൾ പരിഹരിക്കാൻ ഈ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വിഷയത്തിൽ ധാരണയുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

നേരത്തെ, സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. പിഎം ശ്രീ വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടേണ്ടതില്ലെന്നും സംസ്ഥാന തലത്തിൽ പരിഹാരം കാണണമെന്നും എം.എ. ബേബി വ്യക്തമാക്കിയിരുന്നു. സിപിഐ ആവശ്യപ്പെട്ട ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് പകരം, സംസ്ഥാന നേതൃത്വം തന്നെ ചർച്ചയിലൂടെ പരിഹാരം കാണുമെന്നാണ് സിപിഐഎം നിലപാട്. ഈ സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ അനുനയ ശ്രമങ്ങൾ എൽഡിഎഫ് ഐക്യത്തിന് നിർണായകമാകും.