മുഖ്യമന്ത്രി പിണറായിയുടെ ഗൾഫ് സന്ദർശനം തുടരുന്നു, ഒമാനിൽ ഗംഭീര സ്വീകരണം; ’26 വ‌ർഷങ്ങൾക്ക് ശേഷം മസ്കറ്റിലെത്തുന്ന ആദ്യ കേരള മുഖ്യമന്ത്രി’

മസ്കറ്റ്: മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി. ഇന്ന് രാവിലെ ഒമാൻ സമയം 10:40 ന് മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ്ജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ് കൺവീനർ അജയൻ പൊയ്യാറ തുടങ്ങിയവർ എത്തിയിരുന്നു. നാളെ വൈകിട്ട് 7 മണിക്ക് മസ്ക്കറ്റിലെ അമരാത്ത് മുനിസിപ്പൽ പാർക്കിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാവിംഗാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്.

നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്കു ശേഷമാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി മസ്ക്കറ്റിലെത്തുന്നത്. ഇതിനു മുമ്പ് 1999 ൽ ഇ കെ നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്. മസ്കറ്റിലെ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി, സലാലയിൽ നടക്കുന്ന പ്രവാസോത്സവത്തിൽ പങ്കെടുക്കാനായി അങ്ങോട്ടേക്ക് പോകും. ഗൾഫ് സന്ദർശനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സന്ദർശിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാൻ. ഈ മാസം പതിനേഴിന് മുഖ്യമന്ത്രി ബഹ്‌റൈൻ സന്ദർശിച്ചിരുന്നു.

More Stories from this section

family-dental
witywide