ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് റോഡ്ഷോ അടക്കം നടത്തി പ്രോഗ്രസ് കാർഡ് പുറത്തിറക്കി മുഖ്യമന്ത്രി, ദേശീയ പാതയും സർക്കാരിന്‍റെ നേട്ടം, ‘വിള്ളല്‍ വീഴ്ചയാക്കാൻ ആരും ശ്രമിക്കണ്ട’

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷിക ദിനത്തിൽ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് റോഡ് ഷോ അടക്കം നടത്തി സംസ്ഥാന സര്‍ക്കാരിന്‍റെ പ്രോഗസ് റിപ്പോര്‍ട്ടും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനം സർക്കാരിന്‍റെ നേട്ടമെന്ന് ഉയർത്തി കാട്ടിയുള്ളതാണ് സര്‍ക്കാരിന്‍റെ പ്രോഗസ് റിപ്പോര്‍ട്ട്. ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ ആണെന്നാണ് റിപ്പോര്‍ട്ടിലെ വാദം. യു ഡി എഫ് സർക്കാരും കേന്ദ്രവും ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ ഡി എഫ് സർക്കാരാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ദേശീയപാതയിലെ വിള്ളല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി, ആ ശ്രമം വിജയിക്കിലെന്നും കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് യു ഡി എഫും ബി ജെ പിയും ഒരുപോലെ നടത്തുന്ന പ്രചാരണം പരിഹാസ്യമാണെന്നും പിണറായി വിമർശിച്ചു.

മുടങ്ങിക്കിടന്ന ദേശീയപാത യാഥാര്‍ഥ്യമാകുന്നത് ഞങ്ങള്‍ കാരണം തന്നെയാണ്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 5580.74 കോടി സംസ്ഥാന വിഹിതം കൈമാറി. സംസ്ഥാനം അമിത സാമ്പത്തിക ബാധ്യത വഹിക്കേണ്ടി വന്നാലും മുന്നോട്ടുപോകും. ചില പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് ദേശീയപാത ആകെ തകരുമെന്നു കാണേണ്ട. ദേശീയ പാത വികസനം നടക്കില്ലെന്ന് കരുതുന്നവര്‍ വെറുതെ മനപ്പായസമുണ്ണേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനം നല്ല രീതിയിൽ നടക്കുമ്പോഴാണ് നിർമാണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായതെന്ന് പിണറായി വിജയൻ പറഞ്ഞു. അത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാനാണ് ശ്രമം. യുഡിഎഫും ബിജെപിയും ആണ് അത് ഒരുപോലെ നടത്തുന്നത്. പരിഹാസ്യമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മുടങ്ങിക്കിടന്ന, ഇവിടെ യാഥാർഥ്യം ആകില്ലെന്നു കരുതിയ നാഷണൽ ഹൈവേ യാഥാർഥ്യം ആകും എന്ന നില എൽഡിഫ് സർക്കാരിന് ഉണ്ടാക്കാൻ കഴിഞ്ഞു. യുഡിഎഫ് ആയിരുന്നെങ്കിൽ ഈ ഒൻപത് വർഷം കൊണ്ട് നാം ഏറെ പുറകിലേക്ക് പോകുമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചിലയിടത്ത് റോഡ് തകർന്നതോടെ എൻഎച്ച് വികസനം തടസപ്പെടുമെന്ന ചില ദുഷ്ട മനസുകളുടെ ആഗ്രഹം മനഃപ്പായസമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റി സ്വീകരിക്കുന്ന തിരുത്തൽ നടപടികളെ പിന്തുണയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുക. യുഡിഎഫ് ഇല്ലാതാക്കാൻ ശ്രമിച്ച പദ്ധതിയാണ് എൽഡിഎഫ് ഇപ്പോൾ നടപ്പാക്കുന്നതെന്നും പിണറായി പറഞ്ഞു. 2016ൽ യുഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചിരുന്നെങ്കിൽ സംഭവിച്ചിരിക്കുക എന്തെന്ന് വിശദീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എൽഡിഎഫിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്. ആരോ​ഗ്യം, വിദ്യാഭ്യാസം, പൊതുവികസനം എന്നിങ്ങനെ സകല മേഖലകളേയും സ്പർശിച്ചായിരുന്നു പിണറായിയുടെ പ്രസം​ഗം. 2016ൽ യുഡിഎഫ് അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ പൊതുവിദ്യാഭ്യാസ രംഗത്ത് ഈ മാറ്റം ഉണ്ടാകുമായിരുന്നോ? പൊതുവിദ്യാഭ്യാസ രംഗം തകർന്ന നിലയാകുമായിരുന്നു. എൽഡിഎഫ് അധികാരത്തിൽ വന്നതിനാൽ പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനായി. ആരോഗ്യരംഗത്തും 2016ൽ വലിയ തകർച്ചയായിരുന്നു. എൽഡിഎഫ് ആരോഗ്യ രംഗത്തിൻ്റെ ഉന്നതി ലക്ഷ്യമായി കാണുകയുണ്ടായി. ആർദ്രം മിഷനിലൂടെ കോവിഡ് അടക്കമുള്ള മഹാമാരികളെ നേരിടാനായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide