മലയാള സിനിമയുടെ അഭിമാനമായി കഴിഞ്ഞ നാല് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന നടന്‍ മോഹന്‍ലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത് ആഘോഷമാക്കി മലയാളക്കര. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ അപൂർവ നേട്ടത്തിൽ അഭിനന്ദന പ്രവഹമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലനിൽ നിന്ന് മലയാള സിനിമയുടെ നെടുംതൂണായി മാറിയ മോഹന്‍ലാല്‍ ഇതിനകം സമ്മാനിച്ചത് മറ്റാരാലും പകര്‍ന്നാടാനാകാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. ആ കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് മോഹൻലാൽ. അടൂർ ഗോപാലകൃഷ്ണൻ ആണ് നേട്ടം സ്വന്തമാക്കിയ മറ്റൊരു മലയാളി. മോഹൻലാലിന്റെ നേട്ടത്തിൽ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവർ രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ!
പ്രതിപക്ഷ നേതാവിന്റെ അഭിനന്ദനങ്ങൾ
മലയാളത്തിൻ്റെ അഭിമാനം മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി. സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ. തലമുറകളെ പ്രചോദിപ്പിച്ച താരം. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിക്കുമ്പോൾ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്. പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദനങ്ങൾ.












