
തിരുവനന്തപുരം: മലയാളക്കരക്കാകെ അഭിമാനമായി മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയതിന്റെ ആഹ്ലാദത്തിലാണ് കേരളം. പുരസ്കാര നേട്ടത്തിൽ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാള ചലച്ചിത്ര മേഖലയ്ക്ക് ലഭിച്ച സുവർണ നേട്ടമാണ് ഇതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ഓരോ മലയാളിക്കും അഭിമാനമാണ് മോഹൻലാലും അദ്ദേഹത്തിന്‍റെ ഈ നേട്ടമെന്നും മുഖ്യമന്ത്രി വിവരിച്ചു. അരനൂറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞാടിയ മോഹൻലാൽ, തന്റെ അപാരമായ അഭിനയ വൈവിധ്യവും ജനപ്രീതിയും കൊണ്ട് മലയാളിയുടെ അപര വ്യക്തിത്വമായി മാറിയിരിക്കുന്നു. ‘ഇരുവർ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി നിരൂപകർ വാഴ്ത്തുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മലയാള ചലച്ചിത്ര വ്യവസായത്തിന്റെ നെടുംതൂണാണ് മോഹൻലാലെന്നും പിണറായി പറഞ്ഞു. ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അനന്യമാണ്. ഒരേ സമയം മികച്ച നടനും ജനപ്രിയ താരവുമായി തിളങ്ങുന്ന മോഹൻലാൽ, മലയാളിയുടെ നിത്യജീവിതത്തിൽ ഒരു ശീലമായി മാറിയിരിക്കുന്നു. ഈ പുരസ്കാരം മലയാള സിനിമയുടെ സാംസ്കാരിക മൂല്യവും അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരവും ഉയർത്തിക്കാട്ടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്. നിത്യജീവിതത്തിൽ മോഹൻലാലായി പോവുക എന്നത് മലയാളിയുടെ ശീലമായി. മോഹൻലാൽ മലയാളിയുടെ അപര വ്യക്തിത്വമെന്നും മുഖ്യമന്ത്രി വിവരിച്ചു. മോഹൻ ലാലിനെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി, ശിൽപവും കാവ്യപത്രവും സമർപ്പിക്കുകയും ചെയ്തു.