
ആലപ്പുഴ: കേരളത്തിന്‍റെ വിപ്ലവ നക്ഷത്രമായ വി എസ് അച്യുതാനന്ദന്‍റെ സംസ്കാരത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ വി എസിനെ അനുസ്മരിച്ച് നേതാക്കൾ. വി എസിന്‍റെ വിയോഗം കേരള രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമെന്നാണ് നേതാക്കൾ പറഞ്ഞുവച്ചത്. വിഎസിൻ്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ വലിയ ചുടുകാടിൽ നടന്ന അനുസ്മരണ യോഗത്തിൽ, ആധുനിക കേരളത്തിൻ്റെ സൃഷ്ടിയിൽ വലിയ പങ്ക് വഹിച്ച മഹാരഥനാണ് വി എസ് എന്നാണ് മുഖ്യമന്ത്രി പിണറായി അനുസ്മരിച്ചത്. വി എസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ മഹത്തായ സൃഷ്ടിയെന്നാണ് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടത്. സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനനാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.
ബേബി പറഞ്ഞത്
കേരളം കണ്ട മഹാനായ ജനനേതാവായ വി എസ് ഉണ്ടായത് ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ കൊടിക്കീഴിൽ നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണെന്ന് എംഎ ബേബി പറഞ്ഞു. അടിമകളെപ്പോലെ ജീവിച്ച കർഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റി. അങ്ങനെ കർഷകത്തൊഴിലാളികളെ ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ അടിസ്ഥാനമാക്കിയത് വിഎസാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും എത്ര നിരർത്ഥകമെന്നത് ഈ സമയം മനസിലാക്കാം. വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടിയെന്ന് ഓർമ്മിക്കണമെന്നും എംഎ ബേബി പറഞ്ഞു.
പിണറായി പറഞ്ഞത്
ആധുനിക കേരളത്തെ സൃഷ്ടിച്ചെടുത്ത അനേകം മഹാരഥന്മാരിൽ ഒരാളാണ് വിഎസ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുസ്മരണം. വിയോഗം സിപിഎമ്മിനാണ് വലിയ നഷ്ടം. നാടിനാകെയും നഷ്ടമാണ്. കേരളത്തിൻ്റെ ഉത്തമനായ സന്താനത്തെ അതേ രീതിയിൽ കണ്ട് അംഗീകരിക്കാൻ എല്ലാവരും സന്നദ്ധരായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കേരളത്തിൻ്റെ വികസന കാര്യത്തിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. പാർട്ടിയുടെ കേരളത്തിലെ വളർച്ചയ്ക്ക് വലിയ സംഭാവന അദ്ദേഹം നൽകി. ശത്രുവർഗത്തിൻ്റെ ആക്രമണങ്ങൾക്ക് മുന്നിൽ പതറാതെയുള്ള നിലപാട് പാർട്ടിയുടെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിച്ചു. പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നേതൃനിരയിൽ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച നേതാവാണ് വിഎസ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികവാർന്ന സംഘാടകനായിരുന്നു. വർഗീയത ശക്തിപ്രാപിക്കുന്ന ജനാധിപത്യം ഈ രീതിയിൽ തുടരുമോയെന്ന ആശങ്ക ഉയരുന്ന കാലത്താണ് വിഎസിൻ്റെ വിയോഗം. കൂട്ടായ പ്രവർത്തനത്തിലൂടെ ഇത്തരം നേതാക്കളുടെ അസാന്നിധ്യം മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.