
തിരുവനന്തപുരം: ഫൊക്കാന സ്ഥാപക പ്രസിഡന്റ് ഡോ. എം അനിരുദ്ധന്റെ നിര്യാണത്തില്‍ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മലയാളികളുടെ അമേരിക്കയിലെ അനൗദ്യോഗിക അംബാസിഡറെയാണ് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമ വേദിയാക്കി മാറ്റാന്‍ അനിരുദ്ധന് സാധിച്ചെന്നും എല്ലാകാലത്തും അമേരിക്കന്‍ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്ത് അനിരുദ്ധന്‍ നിലകൊണ്ടെന്നും പിണറായി അനുസ്മരിച്ചു.
നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ അമേരിക്കന്‍ മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം പ്രവര്‍ത്തിച്ചതും പിണറായി എടുത്തുകാട്ടി. ലോക കേരള സഭയുടെ തുടക്കം മുതലുള്ള അംഗമായിരുന്നു ഡോ. അനിരുദ്ധനെന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി, പ്രളയകാലത്തായാലും കൊവിഡ് കാലത്തായാലും അദ്ദേഹം അകമഴിഞ്ഞ സംഭാവന നല്‍കിയിട്ടുണ്ടെന്ന് വിവരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തൻ്റെ ചികിത്സക്കായി അമേരിക്കയിലെത്തിയപ്പോൾ നേരിട്ട് കണ്ട കാര്യവും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നെന്നും ആകസ്മിക വിയോഗത്തില്‍ വലിയ ദുഃഖമുണ്ടെന്നും പിണറായി വിവരിച്ചു. അമേരിക്കന്‍ മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ഫൊക്കാന സ്ഥാപക പ്രസിഡന്റും നോർക്ക ഡയറക്ടറുമായിരുന്ന പ്രമുഖ വ്യവസായി ഡോ. എം. അനിരുദ്ധൻ അന്തരിച്ചത്. 1983 ൽ കെ ആർ നാരായണൻ അംബാസഡറായിരിക്കെയാണ് വടക്കൻ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ഫൊക്കാനയ്ക്ക് അനിരുദ്ധന്‍റെ നേതൃത്വത്തിൽ രൂപം നൽകിയത്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയിൽ തുടർന്ന അനിരുദ്ധൻ, ഫൊക്കാനയുടെ അധ്യക്ഷ പദവി 3 പ്രാവശ്യം അലങ്കരിച്ചിട്ടുണ്ട്. 2001 ൽ ഫൊക്കാനയുടെ കേരള പ്രവേശനം സംഘടിപ്പിക്കുകയും ചെയ്തു.ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്നു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ്എൻ ഫുഡീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(കേരള) എസ് എൻ ന്യൂട്രീഷൻ കോർപ്പറേഷൻ(അമേരിക്ക) എന്നിവയുടെ ഡയറക്ടറുമായിരുന്നു.ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ: ഡോ. അനൂപ്, അരുൺ.












