
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും, വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു’ എന്ന് മുഖ്യമന്ത്രി വിവരിച്ചു.
നേരത്തെ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് രംഗത്തെത്തിയിരുന്നു. ഇന്ത്യ സന്ദർശനത്തിന് തൊട്ടുമുന്നേ ഇന്നലെ വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതായിരുന്നു മാർപാപ്പയുടെ അവസാന കൂടിക്കാഴ്ചയും. ‘മാർപാപ്പ വിടവാങ്ങിയത് അറിഞ്ഞു. ലോകത്താകമാനം അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്സ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കൊവിഡിന്റെ ആദ്യനാളുകളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും.’’ – ജെ.ഡി.വാൻസ് എക്സിൽ കുറിച്ചതിങ്ങനെയാണ്.
നേരത്തെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുസ്മരിച്ചു. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നുവെന്നും മോദി അനുശോചിച്ചു.