‘കേന്ദ്രമന്ത്രിയുടെ വായിൽ നിന്ന് സത്യം വീണു’, മുനമ്പം-വഖഫ് വിഷയങ്ങളിൽ ബിജെപിക്ക് രൂക്ഷ വിമർശനം, ലഹരിക്കെതിരെ പോരാട്ടമെന്ന് മുഖ്യമന്ത്രി, ദിവ്യക്ക് പിന്തുണ

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മുനമ്പം വിഷയത്തിലും വഖഫ് ഭേദഗതി നിയമത്തിലും ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം നിവാസികളെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കമ്മീഷനെ വെച്ചത്. കമ്മീഷനെ വെച്ചപ്പോള്‍ തന്നെ സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ സമരം നിര്‍ത്തിയില്ല. അവര്‍ക്ക് ചിലര്‍ പ്രതീക്ഷ കൊടുത്തു. ആശയക്കുഴപ്പമുണ്ടാക്കി ഗുണമുണ്ടാക്കാനാണ് ചിലര്‍ നോക്കിയത്. കുളം കലക്കി മീന്‍ പിടിക്കുന്ന നടപടി.

കേന്ദ്രമന്ത്രിയെ മുനമ്പത്ത് എത്തിച്ചു കൊണ്ടാണ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് സത്യം വീണുപോയി. ബിജെപി സൃഷ്ടിച്ച വ്യാജ ആഖ്യാനങ്ങളെല്ലാം ഉടഞ്ഞു. രാജ്യത്തെ മതവിശ്വാസത്തിന്റേയും ഫെഡറിലസത്തിന്റേയും ലംഘനം വഖഫ് ഭേദഗതി നിയമത്തിലുണ്ട്. ഇപ്പോള്‍ മുസ്ലീമിന് എതിരെ എന്ന് ചിന്തിക്കുമ്പോള്‍ നാളെ അങ്ങനെയല്ല വരിക. ഓര്‍ഗനൈസറിന്റെ ലേഖനം അക്കാര്യം വ്യക്തമാക്കുന്നു.

ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായാണ് സംഘപരിവാര്‍ കാണുന്നത്. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് ബില്ലിന്റെ ഉള്ളടക്കം. മുനമ്പം പ്രശ്‌നത്തിനുള്ള ഒറ്റമൂലിയാണ് വഖഫ് ഭേദഗതി ബില്‍ എന്ന ആഖ്യാനം സംഘപരിവാര്‍ നടത്തി. മുനമ്പം നിവാസികളെ പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തു നിന്നുണ്ടായത് ബിജെപിക്ക് പിന്തുണ നല്‍കുന്ന വാക്കുകളാണെന്നും മുനമ്പം വിഷയത്തില്‍ ലീഗിന്റേത് ഇരട്ടത്താപ്പാണെന്നും വിമര്‍ശിച്ചു.

ലഹരിക്കെതിരെ പോരാട്ടം

ലഹരിക്കെതിരായ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരിക്കെതിരെ വിപുലമായ പ്രചാരണം നടത്തും. രാഷ്ട്രീയ പാർട്ടികളുടെയും മത മേലധ്യക്ഷൻമാരുടെയും പിന്തുണ ഉറപ്പാക്കി. സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകാനും ധാരണയായി. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകാൻ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ജൂണിൽ വിപുലമായ ക്യാമ്പയി‍ൻ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ പുകഴ്ത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടിവന്ന ദിവ്യ എസ്. അയ്യർക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുകാരുടെ വിമര്‍ശനം അപക്വമായ മനസുകളുടെ ജല്‍പനമായി മാത്രമേ കാണാന്‍ കഴിയൂ എന്നു മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ അവര്‍ക്കു തോന്നിയ ഒരു കാര്യം പരസ്യമായി പറഞ്ഞു. എന്നാല്‍ പുരുഷമേധാവിത്വത്തിന്റെ അങ്ങേയറ്റത്തെ വശമാണ് പ്രതികരണങ്ങളില്‍ കാണുന്നത്. അവരുടെ ഭര്‍ത്താവിന്റെ രാഷ്ട്രീയം മാത്രം കണ്ടാണ് പലരും പ്രതികരിക്കുന്നത്. ഭര്‍ത്താവിന്റെ രാഷ്ട്രീയത്തില്‍നിന്നു വ്യത്യസ്തമായ നിലപാട് അവര്‍ക്ക് സ്വീകരിക്കാന്‍ പാടില്ലാ എന്ന തരത്തിലാണ് പുരുഷമേധാവിത്വത്തിന്റെ ഭാഗമായി ചിന്ത വരുന്നത്. അതിന്റെ ഭാഗമായാണ് അവരെ വല്ലാതെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അവര്‍ക്കു തോന്നിയ കാര്യം നിഷ്‌കളങ്കമായി പറഞ്ഞുവെന്ന നില സ്വീകരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide