
തിരുവനന്തപുരം: ഏറെ ചര്‍ച്ചകളിലേക്കും രാഷ്ട്രീയ വിവാദത്തിലേക്കും വീണ വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എംപുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം തുടങ്ങുക. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്.
ചിത്രത്തില്‍ മറ്റൊരു പ്രധാനമാറ്റം വരിക ബജ്‌റംഗിയെന്ന വില്ലന്റെ പേരിലായിരിക്കും. ബല്‍രാജ് എന്നാക്കി വില്ലന്റെ പേരിലും മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം.
എംപുരാന്‍ വിവാദങ്ങളില്‍പ്പെട്ട് ചര്‍ച്ചയാകുമ്പോള്‍ ചിത്രം കണ്ട് പ്രതികരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും എത്തിയിരുന്നു. എംപുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി എന്നും സിനിമയ്ക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നതെന്നും മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലുലു മാളിലാണ് ശനിയാഴ്ച മുഖ്യമന്ത്രി കുടുംബസമേതം സിനിമ കാണാനെത്തിയത്.
അതേസമയം, എംപുരാനെതിരെ വീണ്ടും ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ലേഖനം വന്നു. ചിത്രം ഭീകരവാദത്തെ വെള്ളപൂശൂന്നുവെന്നാണ് ആരോപണം. രണ്ട് മണിക്കൂറിന് ഇടയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളില്‍ ആണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ഗോകുലം ഗോപാലന്‍, മുരളി ഗോപി എന്നിവരെ വിമര്‍ശിച്ചത്. എംപുരാന്‍ തിരക്കഥയെ കുറിച്ച് മോഹന്‍ലാലിന് നേരത്തെ അറിയില്ല എന്ന വാദം വിശ്വസിക്കാന്‍ ആകില്ലെന്നും സ്‌ക്രിപ്റ്റ് വായിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.