
ന്യൂഡല്‍ഹി : തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവരെ നേരില്‍ കാണാനായെന്നും കാര്യങ്ങള്‍ ധരിപ്പിക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും സാമ്പത്തിക പ്രശ്നങ്ങള്‍, മറ്റ് വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയായെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് പുനരധിവാസത്തിന് എന്‍ഡിആര്‍ഫില്‍ നിന്ന് 2221 കോടി ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതുള്‍പ്പെടെ താന്‍ നാല് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയപാതാ വികസനത്തിനും പിന്തുണ തേടി. നെല്ല് സംഭരണത്തിലെ കുടിശിക ഉടന്‍ അനുവദിക്കണം എത്രയും വേഗം ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കടമെടുപ്പ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണം. ദശാശം 5 ശതമാനം അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്നും അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ധനഞെരുക്കത്തില്‍ ഇടപെടണമെന്ന് നിര്‍മ്മല സീതാരാമനോടും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.