തമിഴ്നാട്ടിൽ വീണ്ടും ദുരന്തം, എന്നൂർ താപവൈദ്യുത നിലയത്തിൽ ദാരുണ അപകടം; 9 മരണം, നിരവധി പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

ചെന്നൈ: എന്നൂർ താപവൈദ്യുത നിലയത്തിന്റെ പുതിയ യൂണിറ്റിന്റെ നിർമാണ സ്ഥലത്തുണ്ടായ ദാരുണമായ അപകടത്തിൽ 9 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കിടെ യൂണിറ്റിന്റെ മുൻഭാഗം തകർന്നുവീഴുകയായിരുന്നു. മരിച്ചവരെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് പ്രാഥമിക വിവരം.

പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കാരണം അന്വേഷിക്കാൻ അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്.