മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും? കൊളീജിയം ശുപാർശ ചെയ്തു

ദില്ലി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവർത്തിക്കുന്ന വിനോദ് ചന്ദ്രനെ, സുപ്രീം കോടതി ജഡ്ജിയാക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ശുപാർശ ചെയ്തത്. കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് വിനോദ് ചന്ദ്രന് വൈകാതെ തന്നെ നിയമനം ലഭിക്കും. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. കേരളാ ലോ അക്കാദമി ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയ ജസ്റ്റിസ് വിനോദ് ചന്ദ്രൻ 1991 മുതൽ അഭിഭാഷകനായി പ്രാക്റ്റീസ് തുടങ്ങി. 2007 മുതൽ 2011 വരെ സംസ്ഥാന സർക്കാർ പ്ലീഡറായി പ്രവർത്തിച്ചു.

2011 നവംബറിൽ കേരളാ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി. തുടര്‍ന്ന് 2013 ൽ അവിടെ തന്നെ സ്ഥിരം ജഡ്ജിയായി. 2023 മാർച്ചിൽ പാട്ന ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിലെ മലയാളി സാന്നിധ്യമായ ജസ്റ്റിസ് സി ടി രവികുമാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നും വിരമിച്ചിരുന്നു. അതുകൊണ്ടുതന്നെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകുന്നത് മലയാളികൾക്ക് അഭിമാനമാണ്. എറണാകുളം ആലുവ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.

More Stories from this section

family-dental
witywide