
വാഷിങ്ടന്‍ : ട്രംപ് ഭരണകൂടത്തിന്റെ ഫെഡറല്‍ അന്വേഷണങ്ങള്‍ ഒഴിവാക്കാനായി പണം നല്‍കിയത് കീഴടങ്ങലല്ലെന്ന് കൊളംബിയ സര്‍വകലാശാലയുടെ വിശദീകരണം. പണം നല്‍കിയത് സുപ്രധാനമായ ഫെഡറല്‍ ഫണ്ടിങ് പുനഃസ്ഥാപിക്കുന്നതിനുള്ള മാര്‍ഗമായിരുന്നെന്നാണ് കൊളംബിയ സര്‍വകലാശാല ആക്റ്റിങ് പ്രസിഡന്റ് ക്ലെയര്‍ ഷിപ്പ്മാന്‍ പറയുന്നത്. സര്‍ക്കാരിനെതിരെ നിയമപരമായി ഇടക്കാല വിജയങ്ങള്‍ നേടാനാവുമെങ്കിലും ഗവേഷണങ്ങള്‍ക്ക് ഉള്‍പ്പെടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍വകലാശാലയ്ക്ക് ലഭിക്കുന്ന കോടിക്കണക്കിന് ഡോളര്‍ നഷ്ടമാകുമായിരുന്നുവെന്നും സര്‍വകലാശാല ആക്റ്റിങ് പ്രസിഡന്റ് വിശദീകരിച്ചു.
ക്യാംപസിലെ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളുടെ പേരില്‍ ട്രംപ് ഭരണകൂടം കൊളംബിയ സര്‍വകലാശാലയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. ധനസഹായം മരവിപ്പിക്കല്‍ ഉള്‍പ്പെടെ നേരിടേണ്ടി വന്നതോടെ, കൊളംബിയ സര്‍വകലാശാല സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ഫെഡറല്‍ അന്വേഷണങ്ങള്‍ ഒഴിവാക്കാനായി 22 കോടി ഡോളര്‍ നല്‍കാമെന്നാണ് സര്‍വകലാശാല സമ്മതിച്ചത്. പകരം, സര്‍വകലാശാലയ്ക്കുള്ള 40 കോടി ഡോളറിന്റെ സഹായം ട്രംപ് സര്‍ക്കാര്‍ പുനഃസ്ഥാപിക്കുമെന്നാണ് ധാരണ.