മമ്മൂട്ടിക്കായി മോഹന്‍ലാലിന്റെ വഴിപാട്: മതനിരപേക്ഷ കേരളത്തെ തോല്‍പ്പിക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ പിന്തിരിഞ്ഞ് ഓടേണ്ടി വരുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ വര്‍ഗീയവിഷം പരാമര്‍ശം നടത്തിയത് തീര്‍ത്തും അപലപനീയമാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍.

കേരളം പുലര്‍ത്തി വരുന്ന മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനമാണ്. ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ നടത്തുന്ന ജല്പനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുകയെന്നും കേരളീയ സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ സങ്കുചിതവും അപരിഷ്‌കൃതവുമായ പ്രസ്താവന നടത്തിയവര്‍ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ശബരിമല അയ്യപ്പനെ ദര്‍ശിക്കാന്‍ സന്നിധാനത്ത് എത്തുന്നവര്‍ വാവരെയും ദര്‍ശിക്കാറുണ്ട്. മറ്റൊരു മതത്തിന്റെ ആരാധനാലയത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയവരുടെ കഥകള്‍ ഇവിടെ ഏറെയാണ്. തിരുനാവായയില്‍ വിരിയുന്ന താമരകള്‍ക്ക് സാഹോദര്യത്തിന്റെ കഥ പറയാനുണ്ട്. മുസ്ലിം കര്‍ഷകര്‍ കൃഷി ചെയ്യുന്ന ഈ താമരകളാണ് ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അര്‍ച്ചനയ്ക്കായി കൊണ്ടുപോകുന്നത്. മതമൈത്രിയുടെ അടയാളമാണ് മുസ്ലിങ്ങളുടെ നേര്‍ച്ച ഉത്സവങ്ങള്‍.

കൊണ്ടോട്ടി നേര്‍ച്ചയില്‍ സ്വാമി മഠക്കാരുടെ വക വെള്ളിപ്പതാക നല്‍കുന്ന ചടങ്ങ് ഉദാഹരണമാണ്. മമ്പുറം തങ്ങളുടെ മഖ്ബറ സന്ദര്‍ശിച്ച്, കാണിക്ക സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങിയാണ് ഭക്തര്‍ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവ പറമ്പിലേക്ക് തിരിക്കുക. വിജയദശമി നാളില്‍ തുഞ്ചന്‍ പറമ്പില്‍ ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ സഹായിക്കാന്‍ ഓടി നടക്കുന്ന മുസ്ലിം സഹോദരങ്ങളെ കാണാം. താനൂര്‍ ശോഭപറമ്പിലെ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ നിയമിക്കുന്നത് പഴയകത്ത് തറവാട്ടിലെ മുസ്ലിം കാരണവരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide