
ബെംഗളൂരു: ബെംഗളൂരുവിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളികളായ ഉടമയും കുടുംബവും മുങ്ങിയതായി പരാതി. എ ആന്റ് എ എന്ന ചിട്ടിക്കമ്പനി ഉടമസ്ഥരായ ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയിരിക്കുന്നത്. തട്ടിപ്പിൽ 265 പേർ ചിട്ടിക്കമ്പനിക്കെതിരെ പൊലീസിന് പരാതി നൽകി.
ബെംഗളൂരു മലയാളികൾക്ക് സുപരിചിതരായ ടോമി എ വിയും ഷൈനി ടോമിയും ഇരുപത്തിയഞ്ച് വർഷമായി നടത്തി കൊണ്ടിരുന്ന ചിട്ടികമ്പനിയാണ് എ ആൻഡ് എ ചിറ്റ് ഫണ്ട്സ്. ആരാധനാലയങ്ങളും മലയാളി ക്ലബുകളും കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്താണ് നിക്ഷേപം കൂട്ടിയത്. ഉന്നതരുമായി ബന്ധമുണ്ടാക്കി ഇവരുടെ സുഹൃത്തുക്കളിൽ നിന്നടക്കം ചിട്ടി കമ്പനിയിൽ പണം നിക്ഷേപിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വരെ പലിശയടക്കം എല്ലാം കൃത്യമായിരുന്നു. എന്നാൽ പെട്ടെന്നാണ് ഇരുവരും അപ്രത്യക്ഷമായത്.
ഒന്നേകാൽ കോടി രൂപ വിലവരുന്ന വീട് പാതിവിലയ്ക്ക് വിറ്റ ഇവർ സ്കൂട്ടറും കാറും അടക്കം വിറ്റാണ് മുങ്ങിയത്. ഫോൺ സ്വിച്ച് ഓഫായതോടെ ചിട്ടികമ്പനിയിലേക്ക് എത്തിയ നിക്ഷേപകർ ഉടമകൾ മുങ്ങിയെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആയിരത്തിമുന്നൂറോളം നിക്ഷേപരാണ് ആകെയുള്ളത്. തട്ടിപ്പിന്റെ ഒരംശം മാത്രമാണ് പുറത്തുവന്നതെന്ന വിലയിരുത്തലിലാണ് പൊലീസ്. രാമമൂര്‍ത്തി നഗര്‍ പൊലീസ് ടോമിയെയും ഭാര്യയെയും മകന്‍ സോവിയോ തുടങ്ങിയവരെ പ്രതികളാക്കി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.