തദ്ദേശ പ്രചരണത്തിൽ ഹിറ്റായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി; ‘അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തി’

ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ ‘പോറ്റിയേ കേറ്റിയേ സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപി ഷൈഖ് ദർവേഷ് സാഹിബിന് പരാതി നൽകി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരൻ. പ്രശസ്ത അയ്യപ്പ ഭക്തിഗാനത്തെ വികലമാക്കി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചത് ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

യുഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പ്രചരിച്ച ഗാനം അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. പരാതിയുടെ പശ്ചാത്തലത്തിൽ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. ഗാനം ഭക്തിഗാനത്തെ അവഹേളിക്കുന്നതാണെന്നും ഇത് സ്വീകാര്യമല്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

ശബരിമല സ്വർണക്കൊള്ള ആരോപണം സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ യുഡിഎഫ് ഈ ഗാനം ഉപയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും പാർലമെന്റ് പ്രതിഷേധത്തിൽ വരെ ഗാനം ആലപിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ പരാതി. ഭക്തരുടെ വേദന ഉണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.

More Stories from this section

family-dental
witywide