
ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ 50 ശതമാനം ഇറക്കുമതിത്തീരുവയുടെ ആഘാതം ചുമക്കേണ്ടി വരുന്ന ഇന്ത്യന്‍ കയറ്റുമതിക്കാരെ സഹായിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതിനായി സമഗ്ര സാമ്പത്തിക പാക്കേജ് കൊണ്ടുവരുന്നതിനുള്ള നടപടികളിലാണ് സര്‍ക്കാരെന്ന് ധനമന്ത്രി അറിയിച്ചു. തീരുവ വിവിധമേഖലകളെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തുകയാണെന്നും അവര്‍ പറഞ്ഞു.
ചെമ്മീന്‍, തുകല്‍, ചെരിപ്പ്, മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് യുഎസിന്റെ ഇറക്കുമതി വിപണിയെ സാരമായി ബാധിക്കുക. റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഓഗസ്റ്റ് 27-ന് യുഎസ് 25 ശതമാനം പിഴച്ചുങ്കം പ്രാബല്യത്തിലാക്കിയതോടെയാണ് ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമായത്. എണ്ണ വ്യാപാരത്തിലൂടെ ഇന്ത്യ നല്‍കുന്ന പണം റഷ്യ യുക്രെയ്‌നെതിരായ യുദ്ധത്തിന് ഉപയോഗിക്കുകയാണെന്നാണ് യുഎസിന്റെ വാദം. റഷ്യയുമായി വ്യാപാരം അവസാനിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകാത്തതാണ് പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിച്ചത്. 2024-25 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ കയറ്റുമതിയുടെ 20 ശതമാനം ഇന്ത്യയുടെ നിലവിലെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ യുഎസിലേക്കായിരുന്നു.