
ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ ചുമമരുന്ന് (കഫ് സിറപ്പ് ) കഴിച്ചതിനു പിന്നാലെ 22 കുട്ടികള്‍ മരിച്ചതില്‍ ആശങ്കപങ്കുവെച്ച് ലോകാരോഗ്യ സംഘടന (WHO). ഇന്ത്യയില്‍ അപകടകരമായ മൂന്ന് സിറപ്പുകളുണ്ടെന്നും ജാഗ്രത വേണമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഈ മരുന്നുകളില്‍ ഏതെങ്കിലും നിങ്ങളുടെ രാജ്യങ്ങളില്‍ കണ്ടെത്തിയാല്‍ ആരോഗ്യ ഏജന്‍സിയെ അറിയിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ തിരിച്ചറിഞ്ഞിട്ടുള്ള സിറപ്പുകള്‍ കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഗുരുതരമായതും ജീവന് ഭീഷണിയാകുന്നതുമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് അടുത്തിടെ ലൈസന്‍സ് റദ്ദാക്കിയ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നുള്ള കോള്‍ഡ്രിഫ് സിറപ്പ്, റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നുള്ള റെസ്പിഫ്രഷ് TR, ഷേപ്പ് ഫാര്‍മയില്‍ നിന്നുള്ള റെലൈഫ് എന്നിവയ്‌ക്കെതിരെയാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കോള്‍ഡ്രിഫ് കഫ് സിറപ്പിനെച്ചൊല്ലിയുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് അടുത്തിടെ നിര്‍മ്മാണ ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കിയ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തമിഴ്നാട് ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ്. മധ്യപ്രദേശില്‍ കുറഞ്ഞത് 22 കുട്ടികളുടെ മരണത്തിന് കാരണമായ സിറപ്പില്‍, വിഷബാധയ്ക്ക് കാരണമായ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ (DEG) എന്ന രാസവസ്തുവിന്റെ ഉപയോഗം ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.