
ഡൽഹി: പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ ഇന്ത്യയ്ക്കെതിരായ ഭീഷണി പരാമർശത്തിൽ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോക്സഭാംഗവും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു. യുഎസിൽ വച്ച് ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് അസിം മുനീർ നടത്തിയ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും, ഇതിനെതിരെ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രതികരണം അപര്യാപ്തമാണെന്നും ഒവൈസി വിമർശിച്ചു.
കേന്ദ്രസർക്കാർ അമേരിക്കൻ ഭരണകൂടത്തോട് ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസിം മുനീറിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച ഒവൈസി, ഇന്ത്യയുടെ സായുധ സേനയെ ആധുനികവൽക്കരിക്കേണ്ടതിന്റെ അനിവാര്യതയും ഊന്നിപ്പറഞ്ഞു. പാക്കിസ്ഥാന്റെ ഈ ഭീഷണി രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണെന്നും, ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾക്ക് ശക്തമായ തിരിച്ചടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും, രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തണമെന്നും ഒവൈസി ആവർത്തിച്ചു.
‘അസിം മുനീർ ഒരു തെരുവ് ഗുണ്ടയെ പോലെയാണ് സംസാരിക്കുന്നത്. ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണ്. എന്നാൽ അസിം മുനീർ യുഎസിൽ വച്ച് നടത്തിയ പരാമർശങ്ങൾ അസ്വീകാര്യമാണ്. പാക്കിസ്ഥാന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഇത് ഇന്ത്യയുടെ സായുധ സേനയെ ആധുനികവൽക്കരിക്കാൻ പ്രേരിപ്പിക്കുന്നതാണ്. പ്രതിരോധ വകുപ്പിന് അനുവദിക്കുന്ന കുറഞ്ഞ ബജറ്റ് എന്ന മോദി സർക്കാർ നയം ഇനി തുടരാനാവില്ല. നമ്മൾ കൂടുതൽ തയാറെടുക്കേണ്ടതുണ്ട്’ – ഒവൈസി പറഞ്ഞതിങ്ങനെയാണ്.