
ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ സംഘർഷത്തിൽ തീവ്രവലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. പ്രതിഷേധക്കാരെ വീഡിയോ ലിങ്ക് വഴിയാണ് ഇലോൺ മസ്‌ക് അഭിസംബോധന ചെയ്തത്. ഇടതുപക്ഷം എന്നത് കൊലപാതകങ്ങളുടെ പാർട്ടിയാണെന്നും അവർ അത് ആഘോഷിക്കുകയാണ്. നിങ്ങൾ അക്രമം തെരഞ്ഞെടുത്താലും ഇല്ലെങ്കിലും അത് നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒന്നുകിൽ തിരികെ പോരാടണം അല്ലെങ്കിൽ മരിക്കണം എന്നും മസ്‌ക് അഭിപ്രായപ്പെട്ടു.
സാമൂഹിക പ്രവർത്തകൻ ടോമി റോബിൻസൺ ബ്രിട്ടനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ഒന്നരലക്ഷത്തോളം പേരാണ് ഭാഗമായത്. തലസ്ഥാന നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 25ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബ്രിട്ടനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യൂറോപ്പിലെയും വടക്കൻ അമേരിക്കയിലെയും ഇലോൺ മസ്‌ക് ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പ്രതിഷേധക്കാർക്കും ഇലോൺ മസ്‌കിനും എതിരെ വിമർശനവുമായി യുകെയുടെ സെൻട്രിസ്റ്റ് ലിബറൽ ഡെമോക്രാറ്റിന്റെ നേതാവ് എഡ് ഡാവേ രംഗത്തെത്തി. ഇത്തരം തീവ്ര വലതുപക്ഷ വാദികൾ ബ്രിട്ടന് വേണ്ടിയല്ല വാദിക്കുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. രാജ്യത്ത് കുടിയേറ്റ വിരുദ്ധ വികാരം ഉയർന്ന് വരികയും ബ്രക്‌സിറ്റ് അനുകൂലിയായ നിഗൽ ഫാരേഗിന്റെ വലതുപക്ഷ പാർട്ടി തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്.