
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു കത്തയക്കാനുള്ള കടലാസു പോലുമില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തല്‍ ആരോഗ്യമേഖലയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്ന എല്ലാ അവകാശവാദങ്ങളും പൊള്ളയാണെന്ന് തെളിയിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മരുന്നും ഉപകരണങ്ങളും ഒന്നുമില്ലാത്ത പെട്ടിക്കടയുടെ അവസ്ഥയിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ നിലംപൊത്തിയെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സത്യവും വസ്തുതയും വിളിച്ചു പറഞ്ഞ ഇടതുസഹയാത്രികനായിരുന്ന ഡോക്ടറെ വേട്ടയാടന്‍ അദ്ദേഹത്തിനെനെതിരേ മോഷണക്കുറ്റം വരെ ആരോപിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ഉപകരണത്തിന്റെ ഭാഗം കണ്ടില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് ചെയ്തത്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്താനാണ് നീക്കം. രോഗികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ഡോക്ടറെ എത്ര പെട്ടെന്നാണ് ഇടതുസര്‍ക്കാര്‍ കള്ളനാക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ട ഒരു റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ നാലംഗസമിതി എഴുതിക്കൊടുക്കുകയാണ് ചെയ്തത്. ഒരു സഹപ്രവര്‍ത്തകനെ അവര്‍ കുരുതി കൊടുത്തു.
മുഖ്യമന്ത്രി ഡോക്ടര്‍ ഹാരിസിനെ വിമര്‍ശിച്ചതോടെയാണ് ആരോഗ്യവകുപ്പും പാര്‍ട്ടിയും ഡോക്ടര്‍ക്കെതിരേ തിരിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയാണ് കേരളത്തിലേത് എന്ന് ഇടതുപക്ഷം നടത്തുന്ന പ്രചാരണത്തിന് ഡോക്ടറുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയായി. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ പുകഴ്‌പെറ്റ ആരോഗ്യരംഗം ഇടതുഭരണത്തില്‍ വീണുടഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആരോഗ്യമേഖലയില്‍ ഇതുപോലൊരു പ്രതിസന്ധി മുമ്പുണ്ടായിട്ടില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.