
ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. പരമോന്നത കോടതിയില്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് ഹർജി നല്‍കി. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന് ആരോപിച്ചാണ് ഹർജി. കോണ്‍ഗ്രസ്സ് എം പി മുഹമ്മദ് ജാവേദാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്‍ രാജ്യസഭയും കടന്നതോടെയാണ് കോൺഗ്രസ്, സുപ്രീം കോടതിയിലേക്ക് പോരാട്ടം മാറ്റിയത്. പാർലമെന്‍റ് കടന്നതോടെ രാഷ്ട്രപതി കൂടി അംഗീകാരം നല്‍കിയാല്‍ ബില്‍ നിയമമാകും. അതിന് മുന്നേയാണ് കോൺഗ്രസിന്‍റെ നിർണായക നീക്കം.
ലോക്‌സഭയില്‍ 14 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസ്സാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.രാജ്യസഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. പതിമൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് രാജ്യസഭയില്‍ ബില്‍ പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും തള്ളിയാണ് ഇരു സഭകളും ബില്‍ പാസ്സാക്കിയത്.