തരൂരിനെതിരെ നടപടി വേണമെന്ന വികാരം ശക്തം, ‘അവഗണന’ രാഷ്ട്രീയം തുടരാൻ കോൺഗ്രസ്, അച്ചടക്ക നടപടി വേണ്ടെന്ന് ഹൈക്കമാൻഡ്, പരസ്യ വിമർശനം പാടില്ലെന്ന് നേതാക്കൾക്ക് നിർദ്ദേശം

ഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂർ നടത്തിയ വിവാദ പരാമർശങ്ങളിൽ തത്കാലം അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ്. തരൂരിന്‍റെ വിവാദ പരാമർശങ്ങൾ അവഗണിക്കാനാണ് ഹൈക്കമാൻഡിന്‍റെ തീരുമാനം. ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കേണ്ടെന്ന് പാർട്ടി വക്താക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. നെഹ്റു കുടുംബത്തിനെതിരായ തരൂരിന്‍റെ ലേഖനം ബിജെപി വ്യാപകമായി പ്രചരിപ്പിക്കുമ്പോൾ, മോദി സർക്കാരിനെ പ്രശംസിക്കുന്ന നിലപാട് തരൂർ തുടരുകയാണെന്നത് കോൺഗ്രസിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

തരൂരിന്റെ പരാമർശങ്ങൾക്കെതിരെ ദേശീയ തലത്തിലും കേരളത്തിലും അച്ചടക്ക നടപടി ആവശ്യപ്പെട്ട് ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, തരൂരിനോട് അവഗണനയുടെ നയതന്ത്രം സ്വീകരിക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ തരൂർ ലേഖനത്തിൽ ഉന്നയിച്ച ആക്ഷേപങ്ങളും പാർട്ടി തള്ളിക്കളഞ്ഞു. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് തരൂരിനോട് വിശദീകരണം തേടണമെന്നും, രാഹുൽ ഗാന്ധി പാർലമെന്ററി പാർട്ടി യോഗത്തിൽ തരൂരിന്റെ നടപടികൾ ചോദ്യം ചെയ്യണമെന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ, പ്രവർത്തക സമിതി അംഗമായ തരൂരിന്റെ കാര്യത്തിൽ തീരുമാനം അദ്ദേഹത്തിന് വിട്ടുകൊടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. തൽക്കാലം ഒരു നടപടിക്കും മുതിരാതെ, വക്താക്കൾ പ്രതികരിക്കേണ്ടെന്ന് നേതൃത്വം നിർദേശിച്ചു.

അതിനിടെ, അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനത്തിന് പിന്നാലെ മോദി സർക്കാരിനെ പ്രശംസിക്കുന്ന നിലപാട് തരൂർ തുടർന്നു. ലണ്ടനിൽ നടത്തിയ ഒരു പ്രസംഗത്തിൽ, ബിജെപി ഭരണത്തിൽ ശക്തമായ ദേശീയത പ്രതിഫലിക്കുന്നുവെന്നും, കേന്ദ്രീകൃത ഭരണത്തിൽ ബിജെപി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 78 വർഷത്തിനിടെ വിദേശ നയത്തിലും രാഷ്ട്രീയത്തിലും ഉണ്ടായ മാറ്റങ്ങൾ ദൃശ്യമാണെന്നും തരൂർ വാചാലനായി. തീവ്രവാദത്തെ നേരിടാൻ ഈ സർക്കാർ ശക്തമായ ഇച്ഛാശക്തി കാണിക്കുന്നുവെന്ന് മറ്റൊരു ഇംഗ്ലിഷ് ദിനപത്രത്തിലെ ലേഖനത്തിലും തരൂർ പ്രശംസിച്ചു.

നെഹ്റു കുടുംബത്തിനെതിരായ തരൂരിന്റെ ലേഖനം ബിജെപി പരമാവധി പ്രചരിപ്പിക്കുകയാണ്. മോദി സർക്കാരിന്റെ ജനാധിപത്യത്തെ തരൂർ പുകഴ്ത്തിയത്, രാഹുൽ ഗാന്ധിയുടെ “ഏകാധിപത്യ”ത്തിനെതിരായ സന്ദേശമായാണ് ബിജെപി വിലയിരുത്തുന്നത്. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പൂർണ നിയന്ത്രണത്തിലുള്ള കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് ബിജെപി വക്താവ് ആർ.പി. സിംഗ് അഭിപ്രായപ്പെടുകയും ചെയ്തു.

More Stories from this section

family-dental
witywide