
തിരുവനന്തപുരം: അമേരിക്കൻ മലയാളി വനിതയുടെ കവടിയാറിലെ കോടികള്‍ വിലവരുന്ന വസ്തു വ്യാജരേഖയുണ്ടാക്കി ആള്‍മാറാട്ടം നടത്തി മറിച്ചുവിറ്റ കേസില്‍ മുഖ്യപ്രതിയായ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഡി സി സി അംഗമായ വെണ്ടർ അനന്തപുരി മണികണ്ഠനെയാണ് പൊലീസ് പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇയാളെ പിടികൂടിയത്. വൈകിട്ടോടെ തിരുവനന്തപുരത്തെത്തിക്കും.
തിരുവനന്തപുരം ജവഹർ നഗറിലെ നാലരക്കോടിയോളം വില വരുന്ന വീടും വസ്തുവും തട്ടിയെടുത്തെന്നാണ് കേസ്. കേസിൽ അഞ്ചാം പ്രതിയും മണികണ്ഠന്റെ സഹോദരനുമായ മണക്കാട് എംആർ ഹിൽസ് ഗണപതി ഭദ്ര വീട്ടിൽ സി എ മഹേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മണികണ്ഠൻ വ്യാജ പ്രമാണം ഉണ്ടാക്കിയത് മഹേഷിന്റെ ലൈസൻസിലുള്ള അക്കൗണ്ട് ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രധാന സൂത്രധാരൻ ആധാരം എഴുത്തുകാരൻ കൂടിയായ മണികണ്ഠനാണെന്ന് അന്വേഷക സംഘം ഉറപ്പിച്ചിട്ടുണ്ട്.
അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ തിരുവനന്തപുരം നഗരത്തിലെ വസ്തുവും വീടും മെറിൻ ജേക്കബിന് എഴുതിക്കൊടുത്ത ശേഷം ചന്ദ്രസേനനെന്ന ആൾക്ക് മറിച്ചു വിൽക്കുകയായിരുന്നു. ഡോറയുടെ വളർത്തുമകളെന്ന വ്യാജേന മെറിൻ ജനുവരിയിൽ വസ്തു രജിസ്റ്റർ ചെയ്തു. ഡോറ ചുമതലപ്പെടുത്തിയ കെയർടേക്കർ കരം അടയ്ക്കാനെത്തിയപ്പോൾ തട്ടിപ്പ് പുറത്തായി. പിന്നാലെ മ്യുസിയം പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെയാണ് വമ്പൻ തട്ടിപ്പ് പുറത്തായത് .മെറിനേയും, ഡോറയായി ആൾമാറാട്ടം നടത്തിയ വസന്തയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആധാർ നമ്പർ, രജിസ്ട്രാർ രേഖകൾ, വിരലടയാള പരിശോധന എന്നിവയിലൂടെയാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.