
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള പരാമര്‍ശങ്ങൾ വിവാദം ആകുമ്പോൾ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. റെയ്സിന ഡയലോഗിന്മേൽ എന്തിനാണ് വിവാദമെന്ന് അറിയില്ലെന്നാണ് തരൂരിന്‍റെ പ്രതികരണം. റഷ്യ – യുക്രെയ്ൻ വിഷയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. 2023ൽ രാഹുൽ ഗാന്ധി തന്നെ ഇത് പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും തരൂര്‍ വ്യക്തമാക്കി.
താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണ്. രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. യുക്രെയ്നുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ട്. ആ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ നയതന്ത്ര ചര്‍ച്ചയിൽ ഇന്ത്യയ്ക്ക് പങ്കെടുക്കാനാകും. എന്നാൽ, നേരത്തെ താൻ പറഞ്ഞത് ഈ നിലപാട് ആയിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഭാരതീയൻ എന്ന നിലയിലാണ്.
റഷ്യയ്ക്കും യുക്രെയ്നും ഒരേ സമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നുമാണ് തരൂര്‍ പറഞ്ഞത്. ഡൽഹിയിൽ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘റെയ്സിന ഡയലോഗ്’ സമ്മേളനത്തിലായിരുന്നു ഈ വാക്കുകൾ. കേന്ദ്രത്തിനെതിരെ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നുള്ള തരൂരിന്‍റെ വാക്കുകൾ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മാറുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ശശി തരൂരിന്റെ വാക്കുകൾ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമൂഹമാധ്യമങ്ങളിലൂടെ തരൂരിന് നന്ദി അറിയിച്ച് എത്തിയിരുന്നു.