
കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ എംപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കഴിഞ്ഞ ദിവസം ശശി തരൂർ എം.പി എക്സിൽ പങ്കുവെച്ച മുഖ്യമന്ത്രിയാകാൻ ശശി തരൂർ മുന്നിലെന്ന സർവ്വേ റിപ്പോർട്ട് പോസ്റ്റിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.
ആദ്യം ഏത് പാർട്ടിയിലാണ് ശശി തരൂർ എം.പി പറയട്ടെ. യുഡിഎഫ് നേതൃത്വമാണ് ആരാണ് മുഖ്യമന്ത്രി എന്ന് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതെല്ലാതെ മറ്റെന്തെങ്കിലും വിവാദങ്ങൾ ഉണ്ടാക്കാനല്ല. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ മുതിർന്ന നേതാക്കൾ ഉണ്ട്. ആരാണ് അടുത്ത മുഖ്യമന്ത്രി എന്ന് പാർട്ടിയാണ് തീരുമാനിക്കുക എന്നും കെ. മുരളീധരൻ പറഞ്ഞു.
ശശി തരൂർ എം.പി യുടെ പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ അഭിപ്രായ പ്രകടനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കോൺഗ്രസിൻ്റെ കേന്ദ്ര നേതൃത്വവും ശശി തരൂരും തമ്മിലുള്ള അഭിപ്രായ ഭിന്നതയും കോൺഗ്രസിനുള്ളിൽ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് കെ. മുരളീധരൻ്റെ ശശി തരൂർ വിഷയത്തിലെ പ്രതികരണം.