”ഡല്‍ഹി വൃത്തിയാക്കുമെന്നും, അഴിമതി ഇല്ലാതാക്കുമെന്നും, ദേശീയ തലസ്ഥാനത്തെ പാരീസാക്കി മാറ്റുമെന്നും പറഞ്ഞിട്ട് എന്തായി” കെജ്രിവാളിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ പൊതു റാലിയില്‍, ഇന്ത്യസഖ്യത്തിലെ നേതാവും ഡല്‍ഹിയുടെ മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘ഡല്‍ഹി വൃത്തിയാക്കുമെന്നും, അഴിമതി ഇല്ലാതാക്കുമെന്നും, ദേശീയ തലസ്ഥാനത്തെ പാരീസാക്കി മാറ്റുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് – മലിനീകരണം കാരണം ഒരാള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല, പണപ്പെരുപ്പം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അരവിന്ദ് കെജ്രിവാള്‍ അഴിമതി ഇല്ലാതാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം അഴിമതി ഇല്ലാതാക്കിയിട്ടുണ്ടോ? ഡല്‍ഹിയില്‍ മലിനീകരണവും, അഴിമതിയും, പണപ്പെരുപ്പവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,- സീലംപൂരില്‍ നടന്ന ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍’ പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ജാതി സെന്‍സസ് വിഷയത്തില്‍ എഎപി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച രാഹുല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഡല്‍ഹിയില്‍ ജാതി സര്‍വേ നടത്തുമെന്നും വാഗ്ദാനം ചെയ്തു.

അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെജ്രിവാളും എത്തി. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി പോരാടുമ്പോള്‍, ‘എന്റെ പോരാട്ടം രാജ്യത്തെ രക്ഷിക്കുക എന്നതാണ്. ഇന്ന്, രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വന്നു. അദ്ദേഹം എന്നെ വളരെയധികം അധിക്ഷേപിച്ചു. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവനകളെക്കുറിച്ച് ഞാന്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ല,’ കെജ്രിവാള്‍ എക്‌സില്‍ എഴുതി.

Also Read