
തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് ദർബാർ ഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാക്കൾ. വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായി എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്നയാളാണ് വി എസ് എന്നും കുടുംബത്തോടും പാർട്ടിയോടും ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അധ്യക്ഷൻ പറഞ്ഞു.
വളരെ കുട്ടിക്കാലം മുതൽക്കേ താൻ അറിയുന്നയാളാണ് വി എസ് എന്നും നാട്ടുകാരൻ എന്ന നിലയിൽ തങ്ങളോടെല്ലാം അദ്ദേഹം വലിയ സ്നേഹം വെച്ചുപുലർത്തിയിരുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യയശാസ്ത്രപരമായി ഭിന്നതയുണ്ടായിരുന്നിട്ടും നല്ല ഒരു മനുഷ്യസ്നേഹിയായിരുന്നു. കാണുമ്പോൾ പരുക്കനാണെന്ന് തോന്നുമെങ്കിലും അടുത്തുപെരുമാറുമ്പോൾ അദ്ദേഹത്തിന്റെ മനഃശുദ്ധി അറിയാൻ കഴിയു. വി എസുമായുള്ള സംസാരങ്ങൾ എല്ലാം എപ്പോഴും ഹൃദ്യമായിരുന്നു. നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. അദ്ദേഹവുമായുള്ള നിമിഷങ്ങൾ താൻ എന്നും ഓർക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, വിപ്ലവ സൂര്യൻ വി എസിന് ആദരാഞ്ജലി ആർപ്പിക്കാനായി ദർബാർ ഹാളിലേക്ക് ആളുകൾ ഒഴുകി എത്തുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ഇന്നലെ മുതൽ വി എസിനെ കാണാനായി തലസ്ഥാനത്തേക്ക് എത്തുന്നത്. പാർട്ടിയുടെ വിപ്ലവ നക്ഷത്രം വി എസിന് പി ബി അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ബാര്‍ ഹാളിൽ വി എസിന് ഒപ്പമുണ്ട്. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ തുടരുകയായിരുന്നു. 101 വയസ്സായിരുന്നു വി എസിന്.