
ന്യൂഡൽഹി: മഹാരാഷ്ട്ര പോലെ ഗുജറാത്തും പശുവിനെ ‘രാജ്യ മാതാവാ’യി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ ഏക കോൺഗ്രസ് എംപി ജെനി ബെൻ നാഗാജി താക്കൂർ. ഇതു സംബന്ധിച്ച് ജെനി ബെൻ നാഗാജി താക്കൂർ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നൽകി.
“ലോക്സഭാംഗവും കോൺഗ്രസ് നേതാവുമായ ഞാൻ, മഹാരാഷ്ട്ര ചെയ്തതുപോലെ ഗുജറാത്തിലും പശുവിനെ രാജ്യമാതാവായി പ്രഖ്യാപിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു” എന്ന് അവർ കത്തിൽ പറയുന്നു. മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജനങ്ങൾ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് ആവശ്യം ഉയർത്തുന്നതെന്നും ജെനി ബെൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുതൽ ഇതേ ആവശ്യം ഉന്നയിച്ച് നിരാഹാര സമരം നടത്തുന്ന പ്രാദേശിക മതനേതാവ് മഹന്ത് ദേവ്നാഥ് ബാപ്പുവിനെ പിന്തുണച്ചാണ് അവർ കത്ത് എഴുതിയത്. മഹന്ത് ദേവ്നാഥ് ബാപ്പു ഗുജറാത്തിലെ 159 എംപിമാർക്ക് ഗുജറാത്തിന്റെ ‘രാജ്യ മാതാവായി’ പശുവിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. 2024 സെപ്റ്റംബറിലാണ് മഹാരാഷ്ട്ര രാജ്യമാതാവായി പശുവിനെ പ്രഖ്യാപിച്ചത്.