
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് അഞ്ച് മണി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ നിരവധി ചോദ്യങ്ങളുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് വക്താവ് ജയറാം രമേശാണ് മോദിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. അമേരിക്കയിലെ എച്ച്-1ബി വിസ ഫീസ് വർധനയ്ക്ക് പിന്നാലെ ഇന്ത്യ നേരിടുന്ന വെല്ലുവിളി ഇന്നത്തെ അഭിസംബോധനയിൽ ഉൾപ്പെടുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ ഐടി മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധനകളിൽ മോദി പ്രതികരിക്കുമോയെന്നും ചോദ്യമുണ്ട്. താരിഫ് വർധന കാരണം ബാധിപ്പെട്ട കർഷകർക്ക് ആശ്വാസം നൽകുന്ന ഉറപ്പുകൾ നൽകുമോയെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു. നാളെ നിലവിൽ വരുന്ന ജിഎസ്ടി നിരക്ക് മാറ്റത്തെക്കുറിച്ചുള്ള വിശദീകരണമാണോ മോദിയുടെ അഭിസംബോധനക്ക് പിന്നിലെന്നും അദ്ദേഹം ചോദിച്ചു.
ഓപ്പറേഷൻ സിന്ധൂർ സംഭവത്തിൽ ട്രംപിന്റെ അവകാശവാദങ്ങൾക്കെതിരെ വ്യക്തമായ മറുപടി നൽകുമോയെന്നും കോൺഗ്രസ് ഉയർത്തിയ ചോദ്യത്തിന് പ്രത്യേക പ്രാധാന്യമുണ്ട്, കാരണം മുൻപ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് ഓപ്പറേഷൻ സിന്ദൂർ എന്ന ഇന്ത്യയുടെ തിരിച്ചടി വിശദീകരിക്കാനായിരുന്നു. കേന്ദ്രസർക്കാർ വിഷയം വ്യക്തമാക്കാത്ത സാഹചര്യത്തിൽ, എച്ച്-1ബി വിസ പ്രതിസന്ധിയും ജിഎസ്ടി മാറ്റവും ഉൾപ്പെടെ ഈ ചോദ്യങ്ങൾക്ക് പ്രതികരണം ഉണ്ടാകുമോ എന്ന ആകാംക്ഷയാണ് രാജ്യത്ത് നിലനിൽക്കുന്നത്. കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്, ഈ അഭിസംബോധന രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ വെല്ലുവിളികൾക്ക് മറുപടി ആയിരിക്കണമെന്നാണ്.