
ഡൽഹി: വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താ സമ്മേളനത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മ വെളിവാക്കുന്നതായിരുന്നു ഈ വാർത്താസമ്മേളനമെന്ന് കോൺഗ്രസ് വക്താവ് പരിഹസിച്ചു. ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന വ്യത്യാസമില്ലെന്ന കമ്മീഷന്റെ പ്രസ്താവന ചിരിപ്പിക്കുന്നതാണെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ മറുപടിയില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും നീതിപൂർവമായ നടത്തിപ്പും ഉറപ്പാക്കേണ്ട കമ്മീഷന്റെ പരാജയമാണ് ഈ വാർത്താസമ്മേളനം തുറന്നുകാട്ടിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുപോലെയാണെന്നതടക്കമുള്ള കാര്യങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ‘‘ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് ചെയ്യുകയും വേണം. നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് ജനിക്കുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് വിവേചനം കാണിക്കാൻ കഴിയുക എന്നും കമ്മിഷൻ ചോദിച്ചിരുന്നു.
വോട്ട് ചോരി എന്ന കള്ള കഥ ചിലർ പ്രചരിപ്പിക്കുന്നു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിമർശിച്ചിരുന്നു. രാഹുൽ മാപ്പ് പറയണമെന്നും കമ്മീഷൻ ആവശ്യപെട്ടിരുന്നു. ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. രാഹുലിനെതിരെ നിയമ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഈ പ്രതികരണം.