ബംഗളൂരുവിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ മുന്നറിയിപ്പില്ലാതെ ഇടിച്ചുനിരത്തിയ നടപടിയിൽ കർണാടക സർക്കാരിനോട് വിശദീകരണം തേടി കോൺഗ്രസ് ഹൈക്കമാൻഡ്. എഐസിസി നിർദ്ദേശപ്രകാരം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് (കെപിസിസി) വിശദീകരണം നൽകേണ്ടത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി മോഡൽ ‘ബുൾഡോസർ രാഷ്ട്രീയം’ നടപ്പിലാക്കുന്നുവെന്ന വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലും വസീം ലേഔട്ടിലുമായി മുന്നൂറിലധികം ചേരി വീടുകൾ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി തകർത്തത്. ഏകദേശം അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, യാതൊരുവിധ നോട്ടീസും നൽകിയിരുന്നില്ലെന്നും പുലർച്ചെ ആരംഭിച്ച ഒഴിപ്പിക്കൽ വൈകിട്ടോടെ മൂവായിരത്തോളം ആളുകളെ ഭവനരഹിതരാക്കിയെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.
ഒഴിപ്പിക്കൽ നടപടിക്ക് മാനുഷിക പരിഗണന നൽകിയില്ലെന്ന വിമർശനം ശക്തമായതോടെ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ഉൾപ്പെടെയുള്ളവർ ഇത്തരം നടപടികൾ തെറ്റാണെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നിയമപരമായ നടപടികൾ പാലിച്ചിട്ടുണ്ടെന്നുമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വിശദീകരണം.
വിവാദം കൊഴുക്കുന്നതിനിടെ, ഭവനരഹിതരായവർക്ക് പുനരധിവാസം ഉറപ്പാക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചു. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകാനാണ് പ്രാഥമിക ആലോചന. ഇതിനായി സർവേ നടപടികൾ ഉടൻ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദം കൂടി കണക്കിലെടുത്താണ് വേഗത്തിലുള്ള ഈ പുനരധിവാസ നീക്കം.











